കെ.കവിതയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഇ.ഡി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ
ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസ്റ്റു ചെയ്ത ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രിയുടെ മകളുമായ കെ.കവിതയെ ഇന്ന് ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ വീട്ടില്‍ നിന്നാണ് ഇ.ഡി കവിതെയെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രിയോടെ അവരെ ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇന്ന് രാവിലെ 10. 30 ഓടെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് ഇ.ഡി നീക്കം.
ഇ.ഡി ഓഫീസില്‍ മെഡിക്കല്‍ സംഘത്തെ എത്തിച്ച് അവരുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. സുരക്ഷ പരിഗണിച്ച് ഇ.ഡി പരിസരം കനത്ത പോലീസ് സംരക്ഷണത്തിലാണ്. പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.
കഴിഞ്ഞ 10 വര്‍ഷമായി ബിജെപി അധികാരത്തിലെത്തിയതു മുതല്‍ അധികാരവും സ്ഥാപനങ്ങളെയും രാഷ്ട്രീയ നേട്ടത്തിനു ദുരുപയോഗിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന്് കവിതയുടെ സഹോദരനും മുന്‍മന്ത്രിയുമായ കെ.ടി രാമറാവു X ല്‍ കുറിച്ചു. സുപ്രീം കോടതിയില്‍ ഇരിക്കുന്ന വിഷയത്തിലാണ് ഇ.ഡി തിരക്കിട്ട് അറസ്റ്റ് നടത്തിയിരിക്കുന്നത്. 19ന് കേസ് പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്. അതിന് ഇ.ഡി കോടതിയില്‍ മറുപടി നല്‍കേണ്ടിവരും. നീതി നടപ്പാകും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇന്നലെ കവിതയുടെ നാടകീയ അറസ്റ്റ്. ഹൈദരാബാദിലെ കവിതയുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടന്നിരുന്നു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് കവിത.