TravelAccident

ട്രാവലര്‍ കൊക്കയിലേക്കു മറിഞ്ഞ്‌ പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ മരിച്ചു

Keralanewz.com

അടിമാലി: തമിഴ്‌നാട്ടില്‍നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം ഇടുക്കി മാങ്കുളത്തു കൊക്കയിലേക്കു മറിഞ്ഞു പിഞ്ചുകുഞ്ഞും വയോധികനും ഉള്‍പ്പടെ നാലു പേര്‍ മരിച്ചു.

12 പേര്‍ക്കു പരുക്കേറ്റു. മധുര ചിന്നമന്നൂര്‍ സ്വദേശി ഗുണശേഖരന്‍ (70), തേനി സ്വദേശി അഭിനേഷ്‌ മൂര്‍ത്തി (30), ഇദ്ദേഹത്തിന്റെ മകന്‍ തന്‍വിക്‌ വെങ്കട്ട്‌ (ഒന്നേകാല്‍ വയസ്‌), ഈറോഡ്‌ വിശാഖ മെറ്റല്‍ മാര്‍ട്ട്‌ ഉടമ പി.കെ സേതു (34) എന്നിവരാണ്‌ മരിച്ചത്‌.
മാങ്കുളം ആനക്കുളം റോഡില്‍ പേമരം (ഗ്രോട്ടോ വളവ്‌) എന്ന സ്‌ഥലത്ത്‌ ഇന്നലെ വൈകിട്ടു 4.30 നാണ്‌ അപകടമുണ്ടായത്‌. രണ്ടു ദിവസം മുമ്ബ്‌ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം ഇന്നലെ വൈകിട്ടു മൂന്നാര്‍ ലക്ഷ്‌മിക്കു സമീപമുള്ള എലിക്‌സര്‍ റിസോര്‍ട്ടില്‍ നിന്ന്‌ ആനക്കുളം കാണാനെത്തിയതാണ്‌. ഒരു ട്രാവലറിലും ഇന്നോവയിലുമായാണ്‌ ഇവര്‍ എത്തിയത്‌. പേമരത്ത്‌ വെച്ച്‌ നിയന്ത്രണം വിട്ട ട്രാവലര്‍ ക്രാഷ്‌ ബാരിയേറുകള്‍ തകര്‍ത്ത്‌ 200 അടിയോളം താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു. പിന്നാലെയെത്തിയ സഹയാത്രികരും നാട്ടുകാരും ചേര്‍ന്ന്‌ പരുക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മൂന്നുപേര്‍ മരിച്ചത്‌. തേനി നേസമണി ഫര്‍ണിച്ചര്‍ ഉടമകളായ സി. കൈലാസം (48), ഭാര്യ കെ. വനിത (42), കെ. ദിവ്യ (24), തമിഴ്‌നാട്‌ രാമനാഥ ജില്ല രാമനാഥപുരം ജ്യോതിമണി (65), ഭാര്യ സൗന്ദര്യവല്ലി (55), തേനി ശരണ്യ അഭിനേഷ്‌ (25), രണ്‍വീര്‍ (7), തിരൂപത്തുര്‍ ബാലകര്‍ പകം സേ്‌റ്റാഴ്‌സ്‌ സി. പ്രസന്ന പെരുമാള്‍ (40), ഭാര്യ എം. ഗീത (36), അന്ന പുഷ്‌പം (55), കരിമാര്‍ഗ്‌ മെറ്റല്‍സ്‌ ഉടമ അറുമുഖന്‍ (63), കുംഭംകാേണം വെസല്‍സ്‌ ഉടമ കരുണാകരന്‍ (57), ഡ്രൈവര്‍ ഒബ്ലിരാജ്‌ (36) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. പരുക്കേറ്റവരെ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നോവയിലുണ്ടായിരുന്ന മധുര അറുപ്പുകോട്ട ഫെയ്‌ദലി ഫാത്തിമ (43)യെ കുഴഞ്ഞുവീണും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദ കുക്കിങ്‌ റേഞ്ചേഴ്‌സ്‌ ഡീലര്‍മാരെ സംഘടിപ്പിച്ച്‌ നടത്തിയ വിനോദയാത്രയാണ്‌.
രണ്ടു ട്രാവലറിലും ഒരു ഇന്നോവയിലുമായി 33 മുതിര്‍ന്നവരും മൂന്നു കുട്ടികളുമാണ്‌ സംഘത്തിലുണ്ടായിരുന്നത്‌്. ഒരു ട്രാവലര്‍ വേറെ റൂട്ടില്‍ പോയിരുന്നു.
ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ്‌, എസ്‌.പി: ടി.കെ വിഷ്‌ണു പ്രദീപ്‌, അഡ്വ. എ രാജ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥ സംഘം അടിമാലിയിലെത്തിയിരുന്നു. മൃതദേഹങ്ങള്‍ താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Facebook Comments Box