Fri. Mar 29th, 2024

സ്വാഭാവിക നീതി നിഷേധിച്ചു, ലൈംഗികാധിക്ഷേപം നടത്തിയവര്‍ക്ക് ലഭിച്ച പരിഗണന പോലും കിട്ടിയില്ല; ലീഗ് നേതൃത്വത്തിനെതിരെ ‘ഹരിത’

By admin Aug 18, 2021 #news
Keralanewz.com

കോഴിക്കോട്:  എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ച ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച ലീഗ് നേതൃത്വത്തിന്റെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ് ലിയ. ലീഗിന് ഹരിത ബാധ്യതയെന്നു വരെയുള്ള പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കിയതായും ഫാത്തിമ തെഹ് ലിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് തുടങ്ങിയവരോട് സംഭവത്തില്‍ നടപടിക്ക് മുന്‍പ് നേതൃത്വം വിശദീകരണം തേടി. പക്ഷേ ആ നീതി ഹരിതയ്ക്ക് കിട്ടിയില്ല. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ് ലിയ പറഞ്ഞു. ലീഗില്‍ സ്്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന പ്രചാരണം ശരിയല്ലെന്നും അവര്‍ പറഞ്ഞു.

2012ലാണ് എംഎസ്എഫിന്റെ വിദ്യാര്‍ഥിനി വിഭാഗമായി ഹരിത രൂപം കൊണ്ടത്. ഇക്കാലം വരെ വിദ്യാര്‍ഥിനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലക്കൊണ്ട പ്രസ്ഥാനമാണ് ഹരിത. പ്രതികരിക്കാന്‍ ധൈര്യമില്ലാത്തവരുടെ ശബ്ദമായി ഇത് മാറി. അതിനിടെ ലീഗിന് ഹരിത ബാധ്യതയായി എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. 

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ വനിതാ ഭാരവാഹികള്‍ ഇതുവരെ പൊതുമധ്യത്തില്‍ വന്നിട്ടില്ല. പൊതുമധ്യത്തില്‍ വിവാദങ്ങള്‍ വലിച്ചിഴക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയെയാണ് ആദ്യം സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതില്‍ കാലതാമസം ഉണ്ടായപ്പോള്‍ വനിതാ ഭാരവാഹികള്‍ക്ക് പ്രയാസം ഉണ്ടായി. തുടര്‍ന്ന് ഇവര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നിട്ടും ഇതുവരെ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയാണ്. നീചമായ വ്യക്തിഹത്യയ്ക്ക് താന്‍ വരെ ഇരയായെന്നും ഫാത്തിമ തെഹ് ലിയ പറഞ്ഞു

Facebook Comments Box

By admin

Related Post