Thu. May 2nd, 2024

കൂട്ടിക്കലിന്‌ സാന്ത്വനവുമായി ഡിവൈഎഫ്‌ഐ; 4 ലക്ഷത്തിന്റെ അടുക്കള ഉപകരണങ്ങൾ കൈമാറി; രണ്ട്‌ വീടുകൾ നിർമിച്ചു നൽകും

By admin Nov 12, 2021 #news
Keralanewz.com

പ്രളയവും ഉരുൾപൊട്ടലും നാശംവിതച്ച കൂട്ടിക്കലിലേക്ക്‌ നാലുലക്ഷത്തോളം രൂപയുടെ അടുക്കള ഉപകരണങ്ങൾ കൈമാറി ഡിവൈഎഫ്‌ഐയുടെ കരുതൽ. ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച അടുക്കള ഉപകരണങ്ങളാണ് കൂട്ടിക്കലിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം കൈമാറിയത്‌.


ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, പഞ്ചായത്തംഗം എം വി ഹരിഹരൻ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ് അധ്യക്ഷനായി. ദുരന്തമുഖങ്ങളിൽ നിസ്വാർഥ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും കൂട്ടിക്കലിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും റഹിം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷിയാസ് സൽമാൻ, അരുൺ എസ് ചന്ദ്രൻ, കൂട്ടിക്കലിലെ കെഎസ്ഇബി ജീവനക്കാർ എന്നിവരെ എ എ റഹിം ഉപഹാരം നൽകി അനുമോദിച്ചു.


ദുരന്തത്തിൽ വീട് നഷ്ടമായ രണ്ട് കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം ജെയ്‌ക്‌ സി തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ബി സതീഷ് കുമാർ, ബിന്ദു അജി, ജില്ലാ സെക്രട്ടറി സജേഷ് ശശി, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം പി കെ സണ്ണി, ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് എന്നിവർ സംസാരിച്ചു

Facebook Comments Box

By admin

Related Post