National News

335 സ്ത്രീകളുമായി ‘ഡേറ്റിങ്’ നടത്തി തമിഴ് നടന്‍; ലക്ഷ്യം 365

Keralanewz.com

തമിഴ് സിനിമ നടനും ഡാന്‍സറുമായ സുന്ദര്‍ രാമു കഴിഞ്ഞ അഞ്ചര വര്‍ഷമായി 335 സ്ത്രീകളുമായാണ് ഡേറ്റിങ് നടത്തിയിരിക്കുന്നത്. പരമാവധി സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. രാമുവിന്റെ ടാര്‍ഗറ്റ് 365 എണ്ണമാണ്. എന്നാല്‍, സ്ത്രീകളുമായി അദ്ദേഹം ഡേറ്റിംഗ് നടത്തുന്നത് പ്രണയിക്കാനല്ല.

ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഡേറ്റിങ് ദൗത്യം കൊണ്ട് സുന്ദര്‍ രാമു ലക്‌ഷ്യം വയ്ക്കുന്നത്. “സ്ത്രീകളെ ബഹുമാനിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ പഠിച്ചത് ലിംഗവിവേചനം ഇല്ലാത്ത ഒരു സ്കൂളിലാണ്. പക്ഷെ ലോകത്തേക്കിറങ്ങയപ്പോള്‍ ലിംഗവിവേചനം എത്രത്തോളം ആഴത്തിലാണ് സമൂഹത്തിലുള്ളത് എന്ന് ഞാന്‍ മനസ്സിലാക്കി”, സുന്ദര്‍ രാമു ബിബിസിയോട് പറഞ്ഞു. സാജന്‍ ബേക്കറി, ലവ് ആക്ഷന്‍ ഡ്രാമ എന്നീ മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

2015 ജനുവരി 1 -നാണ് രാമു ഈ പദ്ധതി ആരംഭിച്ചത്. സ്ത്രീകളുമായി ഡേറ്റിംഗിന് പോയ കഥകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പങ്കിടുന്നു. അതില്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കില്‍ ചവറു വാരുന്ന ഒരു സ്ത്രീയും, 90 കളിലെ ഒരു ഐറിഷ് കന്യാസ്ത്രീയും, 105 വയസ്സുള്ള ഒരു മുത്തശ്ശിയും, ഒരു നടിയും, മോഡലുകളും, ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്നു. “ദി ഡേറ്റിംഗ് കിംഗ്”, “365-ഡേറ്റ് മാന്‍”, “സീരിയല്‍ ഡേറ്റര്‍” എന്നിങ്ങനെ അദ്ദേഹത്തിന് പേരുകള്‍ നിരവധിയാണ്. താന്‍ പരിചയപ്പെടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഓരോ സ്ത്രീകളെപ്പറ്റിയും രാമു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഡേറ്റിങ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന സ്ത്രീകള്‍ തന്നെ വിളിക്കണമെന്നും, കണ്ടുമുട്ടേണ്ടത് എവിടെയാണ് എന്ന് തീരുമാനിക്കണം, എന്നിട്ട് ഭക്ഷണത്തിനുള്ള തുകയും ചിലവാക്കണമെന്ന് അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ പാചകം ചെയ്തു തരണം എന്നാണ് നിബന്ധന. ഡേറ്റിങ്ങിന് ചിലവാകുന്ന തുകയ്ക്ക് ഭക്ഷണം വാങ്ങി വിശക്കുന്നവര്‍ക്ക് ദാനം ചെയ്യുക എന്നതാണ് രാമു ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യ മാത്രമല്ല വിയറ്റ്നാം, സ്പെയിന്‍, ഫ്രാന്‍സ്, യുഎസ്, തായ്‌ലന്‍ഡ്, ശ്രീലങ്ക എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ രാമു ഡേറ്റിങ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Facebook Comments Box