Wed. May 1st, 2024

സെറിലാക്കില്‍ കണ്ടെത്തിയത് കുട്ടികളെ മാറാരോഗികളാക്കുന്ന ഘടകങ്ങള്‍, പ്രതിക്കൂട്ടിലായി നെസ്‌ലെ

By admin Apr 18, 2024
Keralanewz.com

ന്യൂഡല്‍ഹി: ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളില്‍ കൂടിയ അളവില്‍ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്.

ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിച്ചുവെന്ന് പഠനത്തില്‍ വ്യക്തമായത്. ഇത്തരം രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള ബേബി ഫുഡ് സെറിലാക്കും നിഡോയുമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. 2022ല്‍ 250 മില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍ വിറ്റുപോയത്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ‘പബ്ളിക് ഐ’ എന്ന സംഘടനയാണ് ഇതുസംബന്ധിച്ച്‌ പഠനം നടത്തിയതും റിപ്പോർട്ട് പുറത്തുവിട്ടതും. വിവിധ രാജ്യങ്ങളില്‍ നിന്ന് നെസ്‌ലെയുടെ ബേബിഫുഡുകള്‍ ശേഖരിച്ച്‌ ബെല്‍ജിയത്തിലെ ലാബിലാണ് പരിശോധിച്ചത്.

ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാക്കിലും നിഡോയിലും മൂന്നുശതമാനത്തില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. തായ്‌ലൻഡ് – 6 ഗ്രാം, എത്യോപ്യ – 5 ഗ്രാം, ദക്ഷിണാഫ്രിക്ക – 4 ഗ്രാം, ബ്രസീല്‍ – 3 ഗ്രാം, ഇന്തോനേഷ്യ – 2 ഗ്രാം, മെക്സിക്കോ – 1.7 ഗ്രാം, നൈജീരിയ, സെനഗല്‍ – 1 ഗ്രാം എന്നിങ്ങനെയാണ് പഞ്ചസാരയുടെ അളവ്. എന്നാല്‍ ബ്രിട്ടൻ ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികളില്‍ വിറ്റഴിച്ചിരുന്ന ഉത്പന്നങ്ങളില്‍ പഞ്ചസാര ചേർത്തിരുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാല്‍ മുതിർന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളില്‍ വളരെ കുറഞ്ഞ അളവില്‍ പഞ്ചസാര കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌, മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ പഞ്ചസാരയോ മറ്റ് മധുരമുണ്ടാക്കുന്ന ഘടകങ്ങളോ ചേർക്കാൻ പാടില്ല.

റിപ്പോർട്ട് പുറത്തുവന്നതോടെ വിശദീകരണവുമായി കമ്ബനി രംഗത്തെത്തിയിട്ടുണ്ട്. അഞ്ചുവർഷംകൊണ്ട് പഞ്ചസാര മുപ്പത് ശതമാനത്തോളം കുറച്ചുവെന്നാണ് നെസ്‌ലെ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറയുന്നത്. പതിവായി ഉത്പന്നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരത്തിലും രുചിയിലും സുരക്ഷയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും വക്താവ് പറഞ്ഞു.

നേരത്തേ കാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ബേബി പൗഡർ വിപണന രംഗത്ത് കൊടികുത്തിവാണിരുന്ന ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്ബനി പൗഡർ വില്പന അവസാനിപ്പിച്ചിരുന്നു. ലോകത്താകെ 38000 ത്തോളം പേരാണ് കമ്ബനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്.

Facebook Comments Box

By admin

Related Post