Sat. May 18th, 2024

യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് വേണോയെന്ന് ദേവസ്വം ബോര്‍ഡ് ഇന്ന് തീരുമാനിക്കും

By admin May 4, 2024
Keralanewz.com

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും.

ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും അത് മരണത്തിന് വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു.

ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാൻ ബോർഡ് യോഗം ചേരുന്നത്. ഇതുസംബന്ധിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിർദ്ദേശം നല്‍കി. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. ക്ഷേത്ര വളപ്പില്‍ അരളി നട്ട് വളർത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തില്‍ പണ്ട് മുതലേ അരളി പൂജയ്ക്കോ, മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post