Kerala News

തുടർച്ചയായി മേഘവിസ്ഫോടനങ്ങൾ .ആറുദിവസത്തിനിടെ രണ്ട് മേഘവിസ്ഫോടനം; വരുന്നത് അസാധാരണ മഴ .

Keralanewz.com

തിരുവനന്തപുരം: കനത്ത വേനലിന്‍റെ അവസാനപാദം പെരുമഴക്കാലമായതോടെ മേയ് 31ന് ആരംഭിക്കുന്ന കാലവർഷം കേരളത്തെ ഏത് നിമിഷവും പ്രളയത്തിലേക്കോ പ്രളയസമാന സാഹചര്യത്തിലേക്കോ തള്ളിവിട്ടേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ.
അസാധാരണമഴ നേരിടാനുള്ള കർമപദ്ധതികളിലേക്ക് സംസ്ഥാന സർക്കാർ കടന്നില്ലെങ്കില്‍ 2018നേക്കാള്‍ നാശനഷ്ടം കേരളത്തിനുണ്ടാകാമെന്ന സൂചനകളാണുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആറുദിവസത്തിനിടെ രണ്ട് മേഘവിസ്ഫോടനമാണ് ഉണ്ടായത്. മേയ് 22നായിരുന്നു ആദ്യത്തേത്. കോട്ടയം ജില്ലയിലെ കുമരകത്ത് അന്ന് രണ്ട് മണിക്കൂറില്‍ 123 മില്ലിമീറ്ററും ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ ഒന്നേകാല്‍ മണിക്കൂറില്‍ 100 മില്ലിമീറ്ററും മഴ പെയ്തു. ഇതിന് പിന്നാലെയാണ് കളമശ്ശേരിയില്‍ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത മേഘവിസ്ഫോടനം. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മഴമാപിനികളില്‍ ചൊവ്വാഴ്ച 12 മണിക്കൂറില്‍ എറണാകുളം കളമശ്ശേരിയില്‍ 160 മില്ലിമീറ്ററും പള്ളുരുത്തിയില്‍ 100 മില്ലിമീറ്ററും കോട്ടയം പൂഞ്ഞാറില്‍ 170 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ അവസാനിക്കുമ്പോള്‍ 62 ശതമാനമായിരുന്നു സംസ്ഥാനത്ത് വേനല്‍മഴയുടെ കുറവ്. മേയ് 28 ആകുമ്പേഴേക്കും ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാള്‍ 35 ശതമാനം അധികം മഴ. രണ്ടാഴ്ചക്കിടെ പെയ്ത മഴയാണ് ഈ കുറവ് നികത്തിയതെന്ന യാഥാർഥ്യമാണ് കേരളത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മേയ് 31ഓടെ കാലവർഷവും എത്തുമെന്നാണ് പ്രവചനം. കാലവർഷത്തില്‍ രാജ്യത്താകമാനം 106 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ജൂണില്‍ കാലവർഷം ശക്തമാകുമെന്നാണ് ഞായറാഴ്ച പുറത്തുവിട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ രണ്ടാംഘട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമർദങ്ങളാണ് കാലാവർഷക്കാലത്ത് കേരളത്തിന് ലഭിക്കുന്ന മഴയില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നത്. ഇത്തവണയും അത്തരം ന്യൂനമർദങ്ങള്‍ ഉണ്ടാകും. ഇവയില്‍ പലതും ചുഴലിക്കാറ്റായും മാറിയേക്കാം. അറബിക്കടലിലും ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുകയാണ്. ഇതിന് പുറമേയാണ് ചക്രവാതച്ചുഴികളും മേഘവിസ്ഫോടനങ്ങളും. അടുത്ത നാലുമാസം അതിതീവ്രമഴയും മേഘവിസ്ഫോടനങ്ങളും നിരന്തരം പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയില്‍ പറഞ്ഞു.

Facebook Comments Box