മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കോണ്‍ഗ്രസിലേക്കോ? മറുപടി ഇങ്ങനെ..രാഹുല്‍ ഗാന്ധിയെ കുറിച്ചും പ്രതികരണം
ഡല്‍ഹി: താൻ രാഷ്ട്രീയത്തിലിറങ്ങുന്നത് കുടുംബത്തിന് ഇഷ്ടമല്ലെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. രാഷ്ട്രീയം എന്റെ മേഖലയല്ല.
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുപകരം എന്നെ കൊണ്ട് സാധിക്കുന്ന മേഖലകളില്‍ ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നല്‍കി മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്’, അദ്ദേഹം പറഞ്ഞു. രഘുറാം രാജൻ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടും ആളുകള്‍ ഇപ്പോഴും എന്നെ വിശ്വസിക്കുന്നില്ല. ഞാൻ ഒരു അക്കാദമിക് വ്യക്തി ആണ്, എൻ്റെ ജോലി എന്നത് കുഞ്ഞുങ്ങളെ ചുംബിക്കുന്നതല്ല. എനിക്ക് ഒരു കുടുംബവും ഭാര്യയുമുണ്ട്. ഞാൻ രാഷ്ട്രീയത്തിലിറങ്ങുന്നത് അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുപകരം എനിക്ക് ചെയ്യാൻ കഴിയുന്നത് ആവശ്യമായ സാഹചര്യങ്ങളില്‍ നിർദ്ദേശങ്ങള്‍ നല്‍കി സഹായിക്കുകയെന്നതാണ്’, അദ്ദേഹം പറഞ്ഞു.
‘ഞാൻ ശ്രമിക്കുന്നതും ചെയ്യുന്നതും അതാണ്. അതുകൊണ്ട് സർക്കാരിന്റെ നയങ്ങള്‍ തെറ്റായി പോകുന്ന സാഹചര്യത്തില്‍ ഞാൻ എന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയും’, അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയ്ക്ക് താങ്കള്‍ നിർദ്ദേശം നല്‍കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-‘ ഇതൊരു തെറ്റായ ചിത്രീകരണമാണ്. അദ്ദേഹം മിടുക്കനും ബുദ്ധിമാനും ധീരനുമാണെന്ന് നിങ്ങള്‍ക്ക് അറിയാം. അദ്ദേഹം കൊവിഡ് ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ ശരിയായ രീതിയിലാണ് പ്രവർത്തിച്ചത്. കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും നേരത്തേ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തില്‍ കോണ്‍ഗ്രസ് ആയിരുന്നു രാഷ്ട്രീയ യോഗങ്ങള്‍ മാറ്റി വെച്ചുള്ള അത്തരത്തിലുള്ള കാര്യങ്ങള്‍ വേണ്ടെന്ന് വെയ്ക്കാൻ തുടക്കമിട്ടത്.
രാഹുല്‍ ഗാന്ധിയ്ക്ക് എല്ലാ വിഷയങ്ങളിലും ഉത്തരം ഉണ്ടാകില്ല. പക്ഷേ അദ്ദേഹം വളരെ നല്ലൊരു നേതാവാണ്. അദ്ദേഹത്തെ ചിത്രീകരിച്ച് വെച്ചിരിക്കുന്നതിന് നേർ വിപരീതമായി ബോധമുള്ളൊരു നേതാവാണ്. അദ്ദേഹത്തിന് ശക്തമായ ബോധ്യങ്ങളുണ്ട്, നിങ്ങള്‍ അദ്ദേഹത്തോട് വിയോജിക്കുന്നുവെങ്കില്‍ അദ്ദേഹവുമായി ചർച്ച നടത്തണം. അത്തരത്തിലുള്ള സംവാദത്തില്‍ ഏർപ്പെടാൻ അദ്ദേഹം തയ്യാറാണ്’, രഘുറാം രാജൻ പറഞ്ഞു.
2013-16 കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ നരേന്ദ്രമോദി സർക്കാരിന്റെ കടുത്ത വിമർശകനാണ്. നേരത്തേ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ രഘുറാം രാജനും ഭാഗമായിരുന്നു. അന്ന് മുതല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.