Sat. Jul 27th, 2024

മോദി ധ്യാനത്തിനായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് . അമര്‍ഷത്തിൽ കോണ്‍ഗ്രസ് . അനുമതി നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

By admin May 29, 2024 #bjp #news
Keralanewz.com

ചെന്നൈ : അവസാനഘട്ട പ്രചാരണത്തിന് ശേഷം രണ്ടു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് എത്തുന്നതില്‍ അമർഷം രേഖപ്പെടുത്തി കോണ്‍ഗ്രസ്.
മോദിയുടെ നീക്കത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മോദിയുടെ ധ്യാനം പരോക്ഷ പ്രചാരണമാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കരുതെന്നുമാണ് തമിഴ്നാട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെല്‍വപെരുന്തഗൈ ആണ് ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയും അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി മോദിക്ക് വിവേകാനന്ദ മെമ്മോറിയല്‍ ഹാളില്‍ ഇരുന്നു ധ്യാനിക്കാൻ നിയമപരമായ അവകാശമില്ലെന്ന് ഇവിടെ ചൂണ്ടിക്കാണിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് മാതൃക പെരുമാറ്റത്തിന്റെ ലംഘനവും പരോക്ഷമായ പ്രചാരണവും ആണ് ‘ എന്നായിരുന്നു തമിഴ്നാട് കോണ്‍ഗ്രസ് മേധാവി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സമാനമായ രീതിയില്‍ പ്രചാരണത്തിന് ശേഷം രണ്ടുദിവസത്തോളം നടക്കുന്ന ധ്യാനം നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഉത്തരാഖണ്ഡില്‍ ആയിരുന്നു പ്രധാനമന്ത്രി ധ്യാനം നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദൻ ധ്യാനിക്കാനായി ഇരുന്നിരുന്ന വിവേകാനന്ദപ്പാറയില്‍ ധ്യാനം നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിരിക്കുന്നത്. മെയ് 30ന് പരസ്യപ്രചാരണം അവസാനിച്ച ശേഷം മോദി വിവേകാനന്ദ മെമ്മോറിയലിലേക്ക് എത്തുന്നതാണ്. 45 മണിക്കൂർ സമയത്തെ ധ്യാനമാണ് പ്രധാനമന്ത്രി കന്യാകുമാരിയില്‍ നടത്തുക എന്നാണ് സൂചന.

Facebook Comments Box

By admin

Related Post