Sat. Jul 27th, 2024

ഭരണപക്ഷ സംഘടനകളോട് മുഖ്യമന്ത്രി,’കുട്ടികള്‍ പഠനത്തില്‍ പിന്നോട്ട് പോയ്ക്കോട്ടെ എന്നാണോ?’എസ്.എസ്.എല്‍.സി മിനിമം മാർക്ക്: മന്ത്രിക്ക് പിന്തുണ

By admin May 30, 2024 #pinarayi vijayan
Keralanewz.com

തിരുവനന്തപുരം: എസ് എസ് എൽ സി ക്ക് മിനിമം മാർക്ക് അദ്ധ്യാപക വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ; നമ്മുടെ വിദ്യാർത്ഥികള്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നെങ്കില്‍ പോയ്ക്കോട്ടെയെന്ന് കരുതരുത്.
ഒരു ക്ലാസ് മുറിയില്‍ എത്ര കുട്ടികളാണ് പിന്നിലെന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകർക്കറിയാം. ആ കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കി മികവ് വർദ്ധിപ്പിക്കണം. എന്നാല്‍ അത്തരം കാര്യങ്ങള്‍ എവിടെയൊക്കെ നടക്കുന്നുണ്ടെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.’

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് അടുത്ത വർഷം മുതല്‍ മിനിമം മാർക്ക് ഏർപ്പെടുത്താനുള്ള നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പിനോട് വിയോജിച്ച ഭരണപക്ഷ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകളെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ഈ വർഷം മാറുന്ന പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണ വേദിയിലായിരുന്നു വിമർശനം. പൊതു വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോണ്‍ക്ളേവില്‍ മൂല്യനിർണയ പരിഷ്‌കരണത്തെ കെ.എസ്.ടി.എയും എസ്.എഫ്.ഐയും ശക്തമായി എതിർത്തിരുന്നു.

പഠന മികവിനുള്ള പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി, നടപടികളുമായി മുന്നോട്ടു പോകാൻ മന്ത്രിയോടും വകുപ്പിനോടും നിർദ്ദേശിച്ചു. അക്കാ‌ഡമിക രംഗത്ത് പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് കാണാതെ പോകരുതെന്നും സംഘടനകളെ ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസരംഗം മെച്ചപ്പെടണം;
ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.
നമ്മുടെ വിദ്യാർത്ഥികള്‍ പഠനത്തില്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചർച്ച ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ വരാനിടയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള ഘട്ടം ഇതാണ്. അക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കാനുള്ള ചുമതലയും നമുക്കുണ്ട്. 2016ന് മുൻപ് പൊതുവിദ്യാലയങ്ങള്‍ തകർച്ച നേരിട്ടിരുന്നു. ഒരു കുട്ടി പോലും എസ്.എസ്.എല്‍.സി പരീക്ഷ പാസ്സാകാത്ത ഒട്ടേറെ സ്കൂളുകളുണ്ടായിരുന്നു. കേരളത്തിലെ പ്രബലമായ ഒരദ്ധ്യാപക സംഘടന പ്രശ്നം ഗൗരവമായി കാണുകയും സ്കൂളുകളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഇടപെടുകയും ചെയ്തു. നല്ല ഫലം സൃഷ്ടിക്കാനുമായി. എത്രയൊക്കെ ഭൗതിക സൗകര്യങ്ങളൊരുക്കിയാലും മാസ്റ്റർപ്ളാൻ തയ്യാറാക്കിയാലും വിദ്യാർത്ഥികളുടെ അഭിവൃദ്ധിയില്‍ അദ്ധ്യാപകരുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Facebook Comments Box

By admin

Related Post