തൊടുപുഴ നഗരസഭക്ക് പിന്നാലെ, ഏറ്റുമാനൂർ നഗരസഭയിലും യുഡിഎഫിൽ പോര്, വൈസ് ചെയർമാനെതിരെ അവിശ്വാസ പ്രമേയം നാളെ.

കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ചക്കെടുക്കും..കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിക്കെതിരെ അവിശ്വാസം കൊണ്ട് വന്നത് യുഡി എഫ് തന്നെ.
ഏറ്റുമാനൂര്‍: നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ബുധനാഴ്ച ചര്‍ച്ച ചെയ്യും. കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ കെ ബി ജയമോഹനെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയത്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്രരുടെ നിലപാട് അവിശ്വസ വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
യുഡിഎഫ് ഭരിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് ചെയര്‍മാന്‍ കെ ബി ജയമോഹന്‍ മുന്നണി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് യുഡിഎഫ് നേതൃത്വം അവിശ്വാസ പ്രമേയാവതരണത്തിന് നീക്കം നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിലെ ധാരണപ്രകാരം ആറ് മാസമാണ് കേരളാ കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ മൂന്നര വര്‍ഷം പിന്നിടുമ്ബോഴും ജയമോഹന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ ബജറ്റില്‍ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണ പദ്ധതി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് തന്റെ രാജിക്കായി യുഡിഎഫ് മുറവിളി കൂട്ടുന്നതെന്ന് ജയമോഹന്‍ ആരോപിച്ചിരുന്നു.
ജയമോഹനോട് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നി. മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്നെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിശ്ചയിച്ച് കത്ത് നല്‍കിയിരുന്നത് പാര്‍ട്ടിയുടെ മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്ബിലായിരുന്നുവെന്നും ഇന്ന് സജി മഞ്ഞക്കടമ്ബില്‍ പാര്‍ട്ടിയിലില്ല എന്നും ജയമോഹന്‍ പറഞ്ഞു. ബിനു ചെങ്ങളം വെറും വെള്ള പേപ്പറില്‍ തയ്യാറാക്കിയ കത്താണ് നല്‍കിയതെന്നും പാര്‍ട്ടിയുടെ ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കി ഔദ്യോഗികമായി കൈമാറാത്ത കത്ത് അംഗീകരിക്കില്ലെന്നും ജയമോഹന്‍ നിലപാട് സ്വീകരിച്ചതോടെ വിഷയം യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ പരിഗണനയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ജയമോഹന് എതിരായ അവിശ്വാസ പ്രമേയാവതരണത്തിന് യുഡിഎഫ് ജില്ലാ നേതൃത്വം അനുമതി നല്‍കി. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
35 അംഗ നഗരസഭയില്‍ യുഡിഎഫിന് 12 അംഗങ്ങളാണ് ഉള്ളത്. 3 സ്വതന്ത്രരുടെ കൂടി പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭാ ഭരണം നടത്തുന്നത്. അതേസമയം ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ എല്‍ഡിഎഫിന് 13 അംഗങ്ങളും ബിജെപിയ്ക്ക് 8 അംഗങ്ങളുമാണുള്ളത്. സ്വതന്ത്ര അംഗങ്ങളുടെയും ബിജെപിയുടെയും നിലപാട് അവിശ്വാസ വോട്ടെടുപ്പില്‍ നിര്‍ണായകമാകും.