കേജ്രിവാൾ സ്ഥാനം ഒഴിയുന്നു,അതിഷി ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും; ആരാണ് ഇവര്‍? രാഷ്ട്രീയ യാത്ര അറിയാം

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് പുതിയ മുഖ്യമന്ത്രി. ആം ആദ്മി പാർട്ടി സർക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായ അതിഷി ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും.
ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും അവർ. അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും ശക്തമായ മുഖമായാണ് അതിഷി അറിയപ്പെടുന്നത്. കേജ്‌രിവാളിൻ്റെ അടുത്ത സഹായിയും വിശ്വസ്തയുമാണ്. അണ്ണാഹസാരയുടെ പ്രസ്ഥാനത്തിൻ്റെ കാലം മുതല്‍ സംഘടനയില്‍ സജീവമാണ്.
ആം ആദ്മി പാർട്ടിയില്‍ അതിഷി പെട്ടെന്ന് തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു. എട്ട് വർഷത്തെ ഭരണത്തില്‍ ആം ആദ്മി പാർട്ടി ഏറ്റവും കൂടുതല്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന നേട്ടങ്ങളില്‍ വിദ്യാഭ്യാസ മേഖലയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്, ഇതിൻ്റെ ബഹുമതിയും അതിഷിക്കാണ്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പാർട്ടിയുടെ വക്താവായി നിയമിച്ചു.
2019ല്‍ ഈസ്റ്റ് ഡല്‍ഹി ലോക്‌സഭാ സീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനോട് 4.77 ലക്ഷം വോട്ടിന് അവർ തോറ്റു മൂന്നാം സ്ഥാനത്തൊതുങ്ങി. ഇതിനുശേഷം, 2020 ല്‍ കല്‍ക്കാജി നിയമസഭ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2023ല്‍ ആദ്യമായി കേജ്‌രിവാള്‍ സർക്കാരില്‍ മന്ത്രിയായി ചുമതലയേറ്റു. ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി പദവി ഏറ്റെടുക്കാൻ പോകുന്നു.