AccidentCRIMEKerala News

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇടിച്ചു തെറിപ്പിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയെ അജ്മല്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്സാക്ഷി

Keralanewz.com

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാർ ഇടിച്ചു തെറിപ്പിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയെ പ്രതിയായ അജ്മല്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയത് അതിക്രൂരമായി.

സ്‌കൂട്ടർ യാത്രക്കാരിയെ കാറിനടിയില്‍ നിന്ന് വലിച്ചെടുക്കാൻ സാധിക്കുമായിരുന്നുവെന്നും കാർ എടുക്കല്ലേയെന്ന് കരഞ്ഞ് പറഞ്ഞിട്ടും യുവാവ് വാഹനം സ്ത്രീയുടെ ദേഹത്ത് കൂടി കയറ്റി ഇറക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയും സമീപത്തെ കടയുടമയുമായ യുവതിയുടെ വെളിപ്പെടുത്തൽ.

“ഇത്ത ഞങ്ങളുടെ കടയില്‍നിന്ന് സ്ഥിരമായി സാധനം വാങ്ങുക്കുന്നതാ. ഇന്നലെ സാധനം വാങ്ങിക്കാന്‍ വന്ന് കുറച്ചുനേരം സംസാരിച്ച്‌ ചിരിച്ച്‌ സന്തോഷത്തോടെ കടയില്‍നിന്ന് ഇറങ്ങിയതായിരുന്നു. അനിയത്തിക്കൊപ്പം സ്‌കൂട്ടറില്‍ കയറി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗതയില്‍ റോങ് സൈഡില്‍ കയറിവന്നാണ് കാര്‍ ഇടിച്ചത്. ഇടിച്ചിട്ടപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും കൂകിപ്പറയുന്നുണ്ട് വണ്ടി എടുക്കല്ലേ, വണ്ടി എടുക്കല്ലേന്ന്. ആ സമയത്ത് ഇത്തയെ കാറിനിടിയില്‍നിന്ന് വലിച്ചെടുക്കാവുന്നതേ ഉള്ളായിരുന്നു. പക്ഷേ അയാള്‍ ആരും പറയുന്നത് കേള്‍ക്കാതെ രണ്ടുമൂന്ന് വട്ടം ഇട്ട് ഉരുട്ടി ഇത്തയുടെ പുറത്തൂടെ വണ്ടി എടുക്കുവായിരുന്നു. മൃഗീയമായിട്ടാണ് അവന്‍ ചെയ്തത്. മനപ്പൂര്‍വം വണ്ടി കയറ്റിയതോണ്ടാ ഇത്ത മരിച്ചത്. അല്ലെങ്കില്‍ എങ്ങനെയെങ്കിലും രക്ഷിക്കാമായിരുന്നു”- യുവതി പറഞ്ഞു.

തിരുവോണദിവസം വൈകീട്ട് 5.30-നാണ് ആനൂര്‍ക്കാവില്‍ നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കി നിര്‍ത്താതെ പോകുകയുമായിരുന്നു. ഹംപിന് മുകളിലൂടെ കയറിയിറങ്ങുന്നപോലെയാണ് ഡ്രൈവര്‍ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയത്.

തിരുവോണ ദിനമായ ഇന്നലെ അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ കൊല്ലത്തെ ആശുപത്രിയില്‍ ജോലിക്കെത്തിയശേഷമാണ് അജ്മല്‍ പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം വളര്‍ന്നു. തുടര്‍ന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും പറയപ്പെടുന്നു. കൊല്ലം ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അതേസമയം ഡോ. മായ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടി.

Facebook Comments Box