അപകട കെണി യൊരുക്കി ഇരട്ടയാർ ടണൽ മുഖം
കട്ടപ്പന: ഇരട്ടയാർ ഡാമിന്‍റെ ടണല്‍ മുഖം അപകട കെണി. കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത് രണ്ട് കുട്ടികള്‍. ജലാശയത്തിലെ ഒഴുക്കില്‍ തുരങ്ക മുഖത്ത് പെട്ടാല്‍ ജീവൻ രക്ഷിക്കുക അസാധ്യം
ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്കിന് തടസ്സമുണ്ടാകാതിരിക്കാൻ ടണല്‍ മുഖത്തു ഇരുമ്ബ് ഗ്രില്ലുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ജലാശയത്തിലൂടെ ഒഴുകി എത്തുന്നവരെ തടയാനോ രക്ഷപ്പെടുത്തുവാനോ കഴിയില്ല. കളിക്കുന്നതിനിടെ ജലാശയത്തില്‍ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടു തുരങ്ക മുഖത്ത് എത്തിയ രണ്ടു കുട്ടികളാണ് ഇന്നലെ അപകടത്തില്‍ പെട്ടത്.
കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ – രജിത ദമ്ബതികളുടെ മകൻ അതുല്‍ പൊന്നപ്പനെ (അമ്ബാടി -13)പരിസരവാസികള്‍ തുരങ്ക മുഖത്ത് നിന്ന് കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിനായി ഇരട്ടയാറിലെ അമ്മ വീട്ടില്‍ എത്തിയതാണ് അതുല്‍. ഉപ്പുതറയില്‍ താമസിക്കുന്ന മൈലാടുംപാറ രതീഷ്-സൗമ്യ ദമ്ബതികളുടെ മകൻ അസൗരേഷിനായി (അക്കു-12 ) പൊലീസും അഗ്നിരക്ഷാസേനയും ഡാമില്‍ തിരച്ചില്‍ തുടരുകയാണ്.
പിതാവിന്‍റെ കുടുംബവീട്ടില്‍ ഓണാഘോഷത്തിന് എത്തിയതാണ് അസൗരേഷ്. മുൻപ് ജലാശയത്തില്‍ അപകടത്തില്‍പെട്ടു ഒഴുകി പോയവരുടെ മൃതദേഹം ഇടുക്കി ജലാശയത്തിലെ അഞ്ചുരുളി മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. അഞ്ചു കിലോ മീറ്റർ പാറക്കുള്ളിലെ തുരങ്കത്തിലൂടെ ഒഴുകിയാണ് ഇടുക്കി ജലാശയത്തില്‍ പതിക്കുക. കാലവർഷ സമയത്തു പ്രളയജലത്തില്‍ ഒഴുകി വന്ന തടികളും ചപ്പുചവറുകളും അടിഞ്ഞു ഇരട്ടയാർ തുരങ്കമുഖത്തെ ഇരുമ്ബ് ഗ്രില്ല് ഭാഗികമായി അടയുക പതിവാണ്. ഇരട്ടയാർ ടണല്‍ മുഖത്ത് ഒരാള്‍ ഡ്യൂട്ടിയിലുണ്ട്. തുരങ്ക മുഖം അടയാതെ നോക്കുകയാണ് ഇയാളുടെ ചുമതല.