Fri. Dec 6th, 2024

മുനമ്പത്തെ ഭൂമി ഭൂ ഉടമകളുടെസ്വന്തമാകണം;ജോസ് കെ മാണി എംപി.

Keralanewz.com

കൊച്ചി : കേരള കോൺഗ്രസ് ( എം ) ചെയർമാൻ എം ജോസ് കെ മാണി എം പി പാർട്ടി നേതാക്കൾക്കൊപ്പം മുനമ്പം സമരവേദി സന്ദർശിച്ചു. മുനമ്പത്തെ നിയമാനുസൃത ഭൂഉടമകളെ അവരുടെ വാസഭൂമിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം നിയമപരമായും, നയപരമായും, നീതിപരമായും പരിഹരിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.

രജിസ്ട്രേഷൻ നിയമപ്രകാരം ക്രയവിക്രയ അവകാശത്തോടുകൂടി 1992 ആഗസ്റ്റ് മാസം മുനമ്പത്തെ കുടുംബങ്ങൾക്ക് വിലയാധാര പ്രകാരം വിൽപ്പന
നടത്തിയതാണ് മുനമ്പത്തെ ഭൂമി. ഇങ്ങനെ വില്പന നടത്തിയ ഭൂമിയുടെ മുന്നാധാരമടക്കമുള്ള രേഖകൾ പരിശോധിച്ച് റവന്യൂ ഡിപ്പാർട്ട്മെന്റ് ഈ സ്ഥലം വാങ്ങിയ വ്യക്തികളുടെ പേരിൽ പോക്കുവരവ് നടത്തി ഉടമസ്ഥാവകാശം കൊടുത്തിട്ടുള്ളതുമാണ്. പിന്നീട് ഈ ഭൂമി വാങ്ങിയവരും അവരുടെ അനന്തര അവകാശികളും 2022 വരെ കരമടച്ച് സർവസ്വാതന്ത്ര്യത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഏകദേശം 610 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.

അതുകൊണ്ട് തന്നെ നിയമപരമായും നീതിപരമായും ഈ സ്ഥലം ഇന്നത്തെ ഭൂഉടമകൾക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണെന്നതി ൽ തർക്കമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പിച്ച് പറയുവാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയുള്ള ജനസമൂഹങ്ങളുടെ പോരാട്ടങ്ങളെ എന്നും മുന്നിൽ നിന്നു നയിച്ചിട്ടുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എം.

ഭൂപ്രശ്നങ്ങളിൽ എല്ലാക്കാലത്തും
കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എം. കൈവശഭൂമിയിൽ നിന്നുമുള്ള കുടിയിറക്കത്തെയും കുടിയൊഴിപ്പിക്കലിനെയും എന്നും അതിശക്തമായിട്ടാണ് പാർട്ടി നേരിട്ടിട്ടുള്ളത്.കടൽ നിയമങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെയും പരിഷ്കാരങ്ങളുടെയും പേരിൽ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും വാസസ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമായപ്പോൾ അവർക്കായി അതിശക്തമായ നിലപാടായിരുന്നു കേരള കോൺഗ്രസ് എം സ്വീകരിച്ചത്. കൈവശ ഭൂമിയുടെ പരിപൂർണ്ണ ഉടമസ്ഥാവകാശത്തിനായി നിരവധി ഭൂസമരങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്ത പാർട്ടിയാണ് കേരള കോൺഗ്രസ് എം. ആ നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരള കോൺഗ്രസ് നേതാക്കളായ തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ് എന്നീ നേതാക്കളും ജോസ് കെ മാണിക്കൊപ്പമുണ്ടായിരുന്നു. കുറെ സമയം സമര പന്തലിൽ സത്യാഗ്രഹത്തിൽ പങ്കെടുത്ത ശേഷമാണ് ജോസ് കെ മാണിയും സംഘവും പിരിഞ്ഞത്.

Facebook Comments Box

By admin

Related Post