കേരളതീരത്തേക്ക് ന്യൂനമര്‍ദ്ദം ? ; വരുന്നു പെരുമഴക്കാലം
കൊച്ചി: തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ട് ഇന്ത്യൻ തീരത്തേക്കെത്താം. ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകാം. ന്യൂനമർദ്ദം കേരളതീരത്ത് എത്തുമോയെന്ന് കാര്യത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെ വ്യക്തമാവുകയുള്ളുവെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമർദം ബുധനാഴ്ച തമിഴ്നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്.
നിലവില്‍ ന്യൂനമർദത്തിന്റെ സ്ഥാനം കേരളത്തില്‍ നിന്ന് ഏറെ അകലെയായതിനാല്‍ ഒറ്റപ്പെട്ട സാധാരണ ലഭിക്കുന്ന മഴ മാത്രം സംസ്ഥാനത്തു പ്രതീക്ഷിച്ചാല്‍ മതി. തുലാവർഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെ എത്തൂ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.