National News

മൈസൂരു കൂട്ടബലാത്സംഗം: അഞ്ച് പ്രതികള്‍ അറസ്റ്റില്‍, എല്ലാവരും തിരുപ്പൂര്‍ സ്വദേശികള്‍

Keralanewz.com

മൈസൂരു: എം.ബി.എ. വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് സംശയം

കർണാടക ഡി.ജി. പ്രവീൺ സൂദ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. പ്രതികളെല്ലാം നിർമാണ തൊഴിലാളികളാണ്. തമിഴ്നാട്ടിൽനിന്ന് മൈസൂരുവിൽ ജോലിക്കെത്തിയ ഇവർ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കർണാടക ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹിൽസിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച് എം.ബി.എ. വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചശേഷമാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ, കേസിലെ പ്രതികളെ തേടി കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി ചില പോലീസ് ഉദ്യോഗസ്ഥർ നേരത്തെ സൂചന നൽകിയിരുന്നു. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേന്ദ്രങ്ങൾ ഇത്തരം സൂചനകൾ നൽകിയത്. പ്രതികൾ എൻജിനീയറിങ് വിദ്യാർഥികളാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെയും തമിഴ്നാട്ടിൽനിന്ന് പിടികൂടിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്

Facebook Comments Box