International NewsNational News

ഐഎംഎഫിലെ ഉന്നത പദവി രാജിവച്ച്‌ ലോക പ്രശസ്ത മലയാളി സാമ്ബത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്, മടക്കം ഹര്‍വാഡിലെ അധ്യാപന ജീവിതത്തിലേക്ക്

Keralanewz.com

ലോക പ്രശസ്ത മലയാളി സാമ്ബത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു.

അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം എഫില്‍ നിന്നും ഗീത പടിയിറങ്ങുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ഗീത ഗോപിനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓഗസ്റ്റില്‍ ഹാർവഡ് യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സ് അധ്യാപികയായി മടങ്ങിയെത്തുമെന്നും അവർ വിവരിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗീത, 2019 ലാണ് ഐ എം എഫിലെത്തിയത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയില്‍ പ്രവേശിച്ച ഗീത, 2022ല്‍ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന ഖ്യാതിയും ഇതോടെ ഗീതക്ക് സ്വന്തമായിരുന്നു.

ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകള്‍ വളരെ വലുതായിരുന്നുവെന്നാണ് ഐ എം എഫ് വാർത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. യുക്രെയ്ൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐ എം എഫിന്റെ പ്രവർത്തനങ്ങളിലും ഗീതയുടെ സംഭാവനകള്‍ അതീവ പ്രാധാന്യമുള്ളതായിരുന്നു. ജി 7, ജി 20 സമ്മേളനങ്ങളില്‍ ഐ എം എഫിന്റെ നയരൂപീകരണത്തിലടക്കം നല്‍കിയ മികച്ച ഇടപെടലുകളിലൂടെ ലോക സാമ്ബത്തിക മേഖലയ്ക്ക് കരുത്തേകിയ വ്യക്തിത്വമായിരുന്നു ഗീത. കണ്ണൂർ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സർക്കാരിന്‍റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 – 18 കാലഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവായി സൗജന്യ സേവനമാണ് ഗീത നല്‍കിയത്. ഹാർവഡിലേക്കുള്ള മടക്കം അക്കാദമിക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പുതിയ അധ്യായമാണെന്നാണ് ഗീത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഗീതയുടെ കുറിപ്പ് ഇപ്രകാരം

ഐ എം എഫിലെ ഏഴ് വിസ്മയകരമായ വർഷങ്ങള്‍ക്ക് ശേഷം, ഞാൻ എന്റെ അക്കാദമിക് ജീവിതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 2025 സെപ്റ്റംബർ 1 മുതല്‍ ഞാൻ ഹാർവഡില്‍ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്ന പദവിയില്‍ വീണ്ടുമെത്തും. ഐ എം എഫില്‍ ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ച കാലഘട്ടത്തിന് ഞാൻ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. ഐ എം എഫിന്റെ മികച്ചതും പ്രതിബദ്ധതയുള്ളതുമായ ജീവനക്കാർ, മാനേജ്മെന്റിലെ സഹപ്രവർത്തകർ, എക്സിക്യൂട്ടീവ് ബോർഡ്, രാജ്യങ്ങളിലെ അധികാരികള്‍ എന്നിവരോടൊപ്പം അടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാൻ സന്തുഷ്ടയാണ്. ഐ എം എഫിന്റെ അംഗരാജ്യങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം നല്‍കിയതില്‍ ക്രിസ്റ്റലീന ജോർജിയേവക്കും ക്രിസ്റ്റിൻ ലഗാർഡിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇപ്പോള്‍ ഞാൻ അക്കാദമിക് ലോകത്തേക്ക് മടങ്ങുകയാണ്, അവിടെ അന്താരാഷ്ട്ര ധനകാര്യം, മാക്രോ ഇക്കണോമിക്സ് എന്നിവയില്‍ ഗവേഷണത്തിന്റെ അതിർവരമ്ബുകള്‍ മുന്നോട്ടു നയിക്കാനും, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും, അടുത്ത തലമുറയിലെ സാമ്ബത്തിക ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

Facebook Comments Box