Fri. Apr 26th, 2024

പോലീസിനെ ലക്ഷ്യമിട്ട് ഹണിട്രാപ്; ആലപ്പുഴയിലെ ഓഫീസർക്കു പോയത് ആറു ലക്ഷം

By admin Sep 4, 2021 #news
Keralanewz.com

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന യുവതിക്കായി പോലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

ഇപ്പോള്‍ ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നത് പുതിയ ബാച്ചിലെ ചില സബ് ഇന്‍സ്‌പെക്ടര്‍മാരാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പലര്‍ക്കും വന്‍ തുക നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് ആരും തന്നെ പരാതി നല്‍കാന്‍ മുതിരുന്നില്ല. എന്നാൽ, ഹൈടെക് സെല്‍ തട്ടിപ്പിന് ഇരയായ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ട്

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയില്‍ വീഴ്ത്തുന്ന രീതിയാണ് ഈ യുവതിയുടേത്. അവര്‍തന്നെ മുന്‍കൈയെടുത്തു പരിചയപ്പെടുന്നവരുമായി കിടക്ക പങ്കിടും. തുടര്‍ന്നു ഗര്‍ഭിണിയാണെന്ന് അറിയിക്കും. പിന്നാലെ ഇക്കാര്യം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനായി പണം ആവശ്യപ്പെടും. ഇത്തരത്തിലാണ് പലരും തട്ടിപ്പിന് ഇരയായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ഇവര്‍ പീഡനപരാതി നല്‍കി. പരാതി പ്രകാരം മ്യൂസിയം പോലീസ് എസ്‌ഐക്കെതിരേ കേസ് എടുക്കുകയുണ്ടായി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇന്‍റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാര്‍ ഉത്തരവ് ഇട്ടിരുന്നു

മുമ്പ് കെണിയില്‍പ്പെടുത്തിയ ഒരു എസ്‌ഐയെക്കുറിച്ച് ഇവര്‍ ഒരു സിഐയുമായി സംസാരിക്കുന്ന ഓഡിയോ ഇപ്പോള്‍ പല പോലീസ് ഗ്രൂപ്പുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരെ വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ അവരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി കുടുംബജീവിതം തകര്‍ക്കുന്നതും ഇവരുടെ രീതിയാണെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആലപ്പുഴ സ്വദേശിയായ ഒരു പോലീസ് ഓഫീസറില്‍നിന്ന് ഇവര്‍ ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. കെണിയില്‍ പെടുന്നവര്‍ പിന്നീട് ഇവരുടെ ഇംഗിതത്തിനു വഴങ്ങുന്നില്ലെന്നു കണ്ടാല്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവാക്കുകളാണ് ഇവര്‍ വോയിസ് ക്ലിപ്പ് ആയി അവര്‍ക്ക് അയച്ചു കൊടുക്കുന്നത്.

മുമ്പ് ഇവരുടെ കെണിയില്‍ അകപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതായും പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്

Facebook Comments Box

By admin

Related Post