Sun. Apr 28th, 2024

നേരിട്ട് മദ്യക്കച്ചവടത്തിനില്ലെന്ന് കെ.എസ്.ആർ.ടി.സി. ;ശ്രമിച്ചത് ഒഴിഞ്ഞുകിടക്കുന്ന മുറികളിലൂടെ വരുമാനമുണ്ടാക്കാൻ

By admin Sep 6, 2021 #news
Keralanewz.com

തിരുവനന്തപുരം:ബിവറേജസ് കോർപ്പറേഷന്‌ കെട്ടിടം വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചത് ഇത്രയും വലിയൊരു പൊല്ലാപ്പാകുമെന്ന് കെ.എസ്.ആർ.ടി.സി. പ്രതീക്ഷിച്ചിരുന്നില്ല. കെ.എസ്.ആർ.ടി.സി. നേരിട്ട് മദ്യക്കച്ചവടം തുടങ്ങി എന്ന വിധത്തിലാണ് വിമർശനങ്ങളും ആക്ഷേപങ്ങളും. സാമൂഹിക മാധ്യമങ്ങളിൽ കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയുമൊക്കെ മദ്യവിൽപ്പനക്കാരായി ചിത്രീകരിച്ചുകൊണ്ട് ട്രോളുകളുടെ പെരുമഴയാണ്.

ശമ്പളം നൽകാൻപോലും വഴിയില്ലാതെ വലയുന്ന കോർപ്പറേഷൻ വരുമാനം കൂട്ടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരമാവധി കെട്ടിടങ്ങൾ വാടകയ്ക്കു കൊടുക്കാനാണ് ശ്രമം.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുതിയ ഷോപ്പുകൾക്ക് നെട്ടോട്ടമോടുന്ന ബിവറേജസ് കോർപ്പറേഷൻ യാദൃച്ഛികമായാണ് കെ.എസ്.ആർ.ടി.സി. മാർക്കറ്റിങ് വിഭാഗത്തിന്റെ മുന്നിൽപ്പെട്ടത്. ബസ് സർവീസിനും യാത്രക്കാർക്കും അസൗകര്യമുണ്ടാക്കരുത് എന്നുമാത്രമാണ് കെ.എസ്.ആർ.ടി.സി. മുന്നോട്ടുവെച്ച നിബന്ധന. മറ്റാരെക്കാളും കുറഞ്ഞതുകയ്ക്ക് കെട്ടിടം ലഭിക്കുമെന്നതാണ് ബിവറേജസ് കോർപ്പറേഷന്റെ നേട്ടം.

ബിവറേജസ് കോർപ്പറേഷനു വേണമെങ്കിൽ കെ.എസ്.ആർ.ടി.സി.യുടെ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായ ഭൂമി നിശ്ചിതകാലത്തേക്കു കൈമാറാൻ കെ.എസ്.ആർ.ടി.സി. തയ്യാറാണ്.

മാറ്റിസ്ഥാപിക്കേണ്ട 153 ഷോപ്പുകൾക്ക് സ്ഥലം കണ്ടെത്താൻ ബിവറേജസ് ശ്രമം തുടങ്ങിയപ്പോൾമുതൽ പല എതിർപ്പുകൾ ഉയരുന്നുണ്ട്. സ്ഥലപരിമിതിയുള്ള ഷോപ്പുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ പൂട്ടേണ്ടിവരും. ഇതിന്റെ നേട്ടം ബാറുടമകൾക്കു ലഭിക്കും.

കൊട്ടാരക്കരയിലെ ബിവറേജസ് ഷോപ്പ് പ്രവർത്തിക്കുന്നത് സ്വകാര്യ ബസ്‌സ്റ്റാൻഡിലെ കെട്ടിടത്തിൽ. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ.യാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Facebook Comments Box

By admin

Related Post