Fri. Mar 29th, 2024

തിരഞ്ഞെടുപ്പിൽ തോറ്റു വന്ന എന്നെ കെട്ടിപ്പിടിച്ച് ഹരി സാർ കരഞ്ഞു;പിന്നീട് ജയിച്ചെത്തിയപ്പോഴും സാർ കരഞ്ഞു; സന്തോഷക്കണ്ണീർ….” അദ്ധ്യാപകരുടെ ഓർമ്മകളിൽ വികാരാധീനനായി മന്ത്രി റോഷി അഗസ്റ്റിൻ

By admin Sep 6, 2021 #news
Keralanewz.com

✍️ സുനിൽ – 9446 579399
1996-ൽ പേരാമ്പ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നിസ്സാര വോട്ടുകൾക്ക് തോറ്റ്, ഞാൻ ചക്കാമ്പുഴയിലെ വീട്ടിലേയ്ക്കെത്തുമ്പോൾ പടിക്കൽ എൻ്റെ ഹരി സാർ കാത്തു നിൽക്കുന്നു. കണ്ടപാടെ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു, ഒപ്പം സാർ പറഞ്ഞു; പരാജയം വിജയത്തിൻ്റെ ചവിട്ടുപടിയാടാ മോനെ ” പിന്നീട് 2001-ൽ ഇടുക്കിയിൽ നിന്ന് വിജയിച്ച് ഞാൻ വീട്ടിലെത്തുമ്പോഴും ഹരി സാർ കാത്തു നിൽപ്പുണ്ടായിരുന്നു. എന്നെ ആശ്ളേഷിച്ച് അന്നും സാർ കരഞ്ഞു, സന്തോഷക്കണ്ണീർ ! ” _ അദ്ധ്യാപക ദിനത്തിൽ തൻ്റെ അദ്ധ്യാപകരെക്കുറിച്ച് ഓർമ്മിക്കവേ പലവട്ടം വികാരാധീനനായി മന്ത്രി റോഷി അഗസ്റ്റിൻ

പാലാ സെൻ്റ് തോമസ് കോളജിൽ ബി.എസ്. സി. യ്ക്ക് പഠിക്കവേ വേണ്ടത്ര അറ്റൻഡൻസ് ഇല്ലാത്തതുമൂലം പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യമുണ്ടായി.കോളജിലെ വോളീബോൾ ടീമിൽ കൂടി ഉണ്ടായിരുന്ന എന്നെ അന്ന് സഹായിച്ചത് പ്രിൻസിപ്പൽ ഈനാസ് അച്ചനാണ്. അന്ന് ഡിഗ്രി ഞാൻ ഒന്നാം ക്ലാസ്സോടെ പാസ്സായി.
ഈ അദ്ധ്യാപക ദിനത്തിലും അച്ചനെ കണ്ട് ഞാൻ അനുഗ്രഹം വാങ്ങി.” റോഷി പറഞ്ഞു
.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻ്റെ രേവതി ടീച്ചറിൻ്റെ വാക്കുകളാണ് എനിക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടാനിടയാക്കിയത്. “നമ്മുടെ സ്കൂളിൻ്റെ പേര് ഒരു സമരത്താൽ കളങ്കപ്പെട്ടല്ലോടാ മോനെ ” എന്ന് പറഞ്ഞ ടീച്ചറിൻ്റെ വാക്കുകൾ എൻ്റെ ഹൃദയത്തെ സ്പർശിച്ചു. ഞാൻ ഉത്സാഹിച്ചു പഠിച്ചു; ഫസ്റ്റ് ക്ലാസ്സും കിട്ടി.
എൽ.പി. സ്കൂളിലെ കുഞ്ഞമ്മ ടീച്ചർ, യു പി.യിൽ പഠിപ്പിച്ച സിസ്റ്റർ ആൻ മേരി, സിസ്റ്റർ അനില ടീച്ചർമാർ, ഹൈസ്കൂളിലെ രേവതി ടീച്ചർ, ഹരി സാർ, എല്ലാവരെയും ഞാനോർക്കുന്നു, നമിക്കുന്നു.” – മന്ത്രി പറഞ്ഞു.

ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് “നടുമുറ്റം” വാട്സപ്പ് ഗ്രൂപ്പ് നടത്തിയ ഗുരു വന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

18-ാം വയസ്സിൽ കോളജദ്ധ്യാപകനായി ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ഡോ. സെബാസ്റ്റ്യൻ നരിവേലിൽ, കാസർകോട് കുമ്മാടി വനത്തിലെ ആദിവാസി സ്കൂളിലെ ഏകാദ്ധ്യാപകൻ എം.കെ. ഭാസ്ക്കരൻ മാഷ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

കൺവീനർ ഷാജി കടപ്പൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.എസ്. രാധാകൃഷ്ണൻ വൈക്കം, രവീന്ദ്രൻ കൊമ്പനാൽ, സന്തോഷ്. എം. പാറയിൽ, ബിന്ദു സജി മനത്താനം,സുജിത വിനോദ് , അനുമോൾ മല്ലികശ്ശേരി, മുണ്ടക്കയം സുനിൽ പ്രയാഗ്, വൃന്ദ മനു തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post