Wed. Apr 24th, 2024

യു ഡി എഫ് നേതൃയോഗം ഇന്ന് : എതിർപ്പറിയിക്കാൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം, ഘടകകക്ഷികൾ നിലപാട് കടുപ്പിച്ചേക്കും

By admin Sep 6, 2021 #news
Keralanewz.com

തിരുവനന്തപുരം: ഡി സി സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെ തുടരുന്നതിനിടെ നിർണായക യു ഡി എഫ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം ആരംഭിക്കുക. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിൽ കണ്ട് ചർച്ചകൾ നടത്തിയത് യുഡിഎഫിനും കോൺഗ്രസിനും ആശ്വാസം പകരുന്നുണ്ട്. ഘടകകഷികളിൽ പ്രശ്‌നങ്ങൾ തുടരുകയും ആർ എസ് പി അടക്കമുള്ള പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുകയും ചെയ്ത് അസാഹചര്യത്തിലാണ് യുഡിഎഫ് യോഗം ചേരുന്നത്.

ഡിസിസി അധ്യക്ഷന നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ വി ഡി സതീശൻ നേരിട്ട് സന്ദർശിച്ചിരുന്നു. തർക്കങ്ങളും പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഇരു നേതാക്കൾക്കും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. മുതിർന്ന നേതാക്കൾക്ക് പ്രയാസമുണ്ടാക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്നാണ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഹരിപ്പാടെത്തിയാണ് രമേശ് ചെന്നിത്തലയുമായി സതീശൻ കൂടിക്കാഴ്ച നടത്തിയത്.

മുന്നണി വിടുന്നതടക്കമുള്ള കടുത്ത നിലപാടിലേക്ക് നീങ്ങിയ ആർഎസ്പി മയപ്പെട്ടത് കോൺഗ്രസിന് അനുഗ്രഹമായി. നിലവിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ ആർ എസ് പി യു ഡി എഫ് യോഗത്തിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിന്റെ ആദ്യ പടിയായി നടക്കുന്ന യുഡിഎഫ് – ആർ എസ് പി ഉഭയകക്ഷി ചർച്ചകൾ ചേരും. ഈ യോഗം കോൺഗ്രസിനും ആർഎസ്പിക്കും നിർണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിലടക്കം അഭിപ്രായ വ്യത്യാസങ്ങൾ ധാരാളമുണ്ടെങ്കിലും കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്നാണ് ആർഎസ്പിയിൽ നിന്നുണ്ടായ പൊതുനിലപാട്. യു ഡി എഫുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ആർ എസ്പി യുഡിഎഫ് വിടണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന നിലപാട് ഘടകകക്ഷികൾ സ്വീകരിച്ചേക്കും. ഡി സി സി അധ്യക്ഷന നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ വിവാദങ്ങൾ മുന്നണിയെ ദുർബലമാക്കിയെന്ന ആരോപണം ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുമുണ്ടാകും. വി ഡി സതീശൻ നേരിട്ടെത്തി ചർച്ച നടത്തിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കും. കൊവിഡ് പ്രതിരോധമടക്കമുള്ള വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരായ സമരപരിപാടികളും പ്രതിരോധവും ശക്തമാക്കാനുള്ള തീരുമാനങ്ങളാകും യോഗത്തിലുണ്ടാകുക. കെ – റെയിൽ പദ്ധതി സംബന്ധിച്ച നിലപാടും യോഗത്തിൽ ചർച്ചയാകും. യു ഡി എഫ് ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് മുൻ നിർത്തിയാകും ചർച്ചകൾ നടക്കുക. കെ റെയിൽ പദ്ധതിയെ എതിർക്കണമെന്ന നിർദേശമാണ് ഉപസമിതി മുന്നോട്ട് വെച്ചിട്ടുളളത്.

യു ഡി എഫ് യോഗത്തിൽ കേരളാ കോൺഗ്രസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചേക്കുമെന്നാണ് സൂചന. കേരളാ കോൺഗ്രസിന്റെ (എം) മുന്നണിമാറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാക്കിയെന്ന കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്റെ കണ്ടെത്തലിനെതിരെ കേരളാ കോൺഗ്രസിൽ അതൃപ്തി രൂക്ഷമാണ്. ജോസ് കെ മാണി വിഭാഗത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് റിപ്പോർട്ടിൽ ഉണ്ടായതെന്നാണ് പി ജെ ജോസഫ് വിഭാഗം ആരോപിക്കുന്നത്. കേരളാ കോൺഗ്രസ് പാർട്ടികളിൽ ജോസ് കെ മാണി നയിക്കുന്ന വിഭാഗമാണ് കെട്ടുറപ്പുള്ള പാർട്ടിയെന്ന് കോൺഗ്രസ് തന്നെ പരസ്യമായി പറയുകയാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. റിപ്പോർട്ടിൽ ജോസ് കെ മാണി വിഭാഗത്തെ പുകഴ്ത്തുകയും തങ്ങളെ വിലകുറച്ച് കാണുന്ന സമീപനം ഉണ്ടായെന്നുമാണ് ജോസഫ് വിഭാഗത്തെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. പാർട്ടിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കെ മുസ്ലീം ലീഗ് കടുത്ത പ്രതിസന്ധിയിലാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ നിന്ന് തന്നെ ആരോപണം ശക്തമായ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്താൻ ലീഗ് തയ്യാറാകില്ല.

Facebook Comments Box

By admin

Related Post