49.9 കിലോ എങ്ങനെ 52.7 കിലോ ആയി.? ആദ്യം പരിശോധിച്ചപ്പോള്‍ ഭാരക്കൂടുതലില്ലേ..? പരുക്കിൻ്റെ പേരില്‍ പിന്മാറിയാല്‍ മെഡല്‍ കിട്ടില്ലേ..? ഉയരുന്ന ചോദ്യങ്ങൾ ഒട്ടനവധി :
പാരിസ്: 100 ഗ്രാം ഭാരം കൂടിയതിൻ്റെ പേരിൽ ഒളിമ്പിക്സില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിവിധ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒട്ടേറെ സംശയങ്ങളാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്നത്. പ്രധാനപ്പെട്ട ഒരു ചോദ്യം ഇതാണ്. ഭാരപരിശോധനയില്‍ പരാജയപ്പെടുമായിരുന്നെന്ന് ഉറപ്പായിരുന്ന വിനേഷിന്, പരുക്കിന്റെ പേരില്‍ പിൻമാറാമായിരുന്നില്ലേ? അങ്ങനെയെങ്കില്‍ മെഡല്‍ കിട്ടില്ലേ എന്നചോദ്യത്തിന് ഭാര പരിശോധനയ്ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ അയോഗ്യത വിധിക്കുന്നതാണു രാജ്യാന്തര ഗുസ്തി സംഘടനയുടെ രീതി. ഒരു അത്‌ലീറ്റ് പരുക്കുണ്ടെന്നു പരാതിപ്പെട്ടാല്‍ ഭാരം പരിശോധിച്ച ശേഷമേ വൈദ്യപരിശോധനകള്‍ നടത്തൂ. അതിനാല്‍, അത്തരമൊരു ശ്രമം നടക്കില്ല എന്നതാണ് ഉത്തരം.
ആദ്യദിവസത്തെ പരിശോധനയില്‍ ഭാരക്കൂടുതല്‍ കണ്ടെത്തിയില്ലേ? എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. എന്നാല്‍ കണ്ടെത്തിയില്ല എന്നാണ് ഉത്തരം. ചൊവ്വാഴ്ച രാവിലെ മത്സരത്തിന് മുൻപ് നടത്തിയ പരിശോധനയില്‍ വിനേഷിന്റെ ഭാരം 49.900 കിലോയായിരുന്നു. നിശ്ചിത ഭാരമായ 50 കിലോഗ്രാമിലും 100 ഗ്രാം കുറവ്. ഡയറ്റ് പ്ലാനിങ്ങും കഠിന വ്യായാമവുംവഴി ശരീരഭാരം കുറച്ചാണ് വിനേഷ് പരിശോധനയ്ക്കെത്തിയത്.
സെമി ഫൈനല്‍ മത്സരത്തിന് ശേഷം 2.700 കിലോഗ്രാമോളം ഭാരം കൂടിയത് എങ്ങനെയെന്ന് ചോദ്യവും ഉയരുന്നുണ്ട്. ചൊവ്വാഴ്ച പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി എന്നിങ്ങനെ 3 മത്സരങ്ങള്‍ക്ക് വിനേഷിന് ഇറങ്ങേണ്ടി വന്നു. ഇതിനെല്ലാമിടയിലും ശേഷവും വെള്ളവും ഫുഡ് സപ്ലിമെന്റുകളും ധാരാളമായി കഴിക്കേണ്ടി വന്നേക്കാം. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ കഴിക്കുന്ന ആഹാരം ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്.
വിനേഷിൻ്റെ സാധാരണ ഭാരം 57 കിലോയാണ്, 50 കിലോയിലേക്ക് കുറയ്ക്കാൻ വേണ്ടി കഠിന പ്രയ്തനം ചെയ്തു. ചൊവ്വാഴ്‌ച രാവിലെ 49.9 കിലോഗ്രാം ഉണ്ടായിരുന്നു. പക്ഷേ അവള്‍ ഒരു ചെറിയ ഭക്ഷണം പോലും കഴിച്ച നിമിഷം, അവളുടെ ഭാരം കുറഞ്ഞത് 53 കിലോ വരെ ഉയർന്നു.
രാത്രി സെമിഫൈനലുകള്‍ക്ക് ശേഷം ഭാരം 52.7 കിലോ ആയിരുന്നു. അവള്‍ ഒരു നിമിഷം പോലും ഉറങ്ങിയില്ല, ഒരു തുള്ളി വെള്ളം കുടിച്ചില്ല, ഒരു ഭക്ഷണവും കഴിച്ചില്ല. രാത്രി മുഴുവൻ ഓടുകയും നീരാവി വലിക്കുകയും ചെയ്തു. തുടർന്ന് ഭാരം 50.1 കിലോയില്‍ എത്തിച്ചെങ്കിലും അവസാന 100 ഗ്രാം കുറയ്ക്കാൻ സമയമില്ലായിരുന്നു. ഭാരത്തിൻ്റെ കാര്യത്തില്‍ ഒരു ഇളവും ഇല്ലായിരുന്നു.
ഫൈനലിനു മുൻപല്ലേ അയോഗ്യയാക്കപ്പെട്ടത്. അതുകൊണ്ട് വെള്ളി കിട്ടുമോ? അതുവരെയുള്ള മത്സരങ്ങളെ നടപടി ബാധിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. ഭാര പരിശോധനയില്‍ പരാജയപ്പെടുന്നവർ മത്സരത്തിന്റെ ഏറ്റവും അവസാന സ്ഥാനത്താകുമെന്നാണ് ഗുസ്തി മത്സര നിയമം. അതോടെ വനിതാ 50 കിഗ്രാം വിഭാഗത്തില്‍ വിനേഷ് അവസാന സ്ഥാനത്തായി. മെഡല്‍ സാധ്യതയെല്ലാം അവസാനിച്ചു.
ഭാരപരിശോധനയ്ക്ക് വിനേഷിന് വീണ്ടും അവസരമുണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. ഫൈനലിന് മുന്നോടിയായി നടന്ന പരിശോധനയ്ക്ക് 15 മിനിറ്റ് മാത്രമാണ് സമയമുള്ളത്. പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യൻ സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. പക്ഷേ അനുവദിച്ചില്ല.
ഇനി ആകെയുള്ള പ്രതീക്ഷ അയോഗ്യത പിൻവലിക്കാൻ സാധ്യതയുണ്ടോ എന്നതാണ്. വിനേഷിനെ അയോഗ്യയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും വെള്ളി മെഡലിന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷൻ രാജ്യാന്തര ഫെഡറേഷനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സെമിയില്‍ വിനേഷിനോട് തോറ്റ ക്യൂബൻ താരത്തിന് ഫൈനലിലേക്ക് സ്ഥാനക്കയറ്റം നല്‍കി. അതിനാല്‍ സംഘാടകരുടെ തീരുമാനത്തില്‍ ഇനി മാറ്റമുണ്ടായേക്കില്ല എന്നാണ് ഈ രംഗത്ത് നിന്നുള്ളവർ പറയുന്നത്.