മുസ്‍ലിംലീഗില്‍ നിലപാട് ഭിന്നത രൂക്ഷമാകുന്നു
കോഴിക്കോട്: മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച് ഉന്നതാധികാര സമിതിയിലും സംസ്ഥാന പ്രവര്‍ത്തക സമിതിയിലും കടുത്ത ഭിന്നത.
സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസക്കെതിരായ നടപടിയില്‍ എത്തിനില്‍ക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി നേരിടുന്ന ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണ് പ്രതിസന്ധിയുടെ കാതല്‍.
അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ദേശീയതലത്തിലും ലീഗിന്റെ കപ്പിത്താന്‍ എന്ന നിലയില്‍ കേരള രാഷ്ട്രീയത്തിലും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തെ ചൊല്ലിയാണ് നേതാക്കള്‍ക്കിടയിലെ ഭിന്നത. ഉന്നതാധികാര സമിതിയില്‍ അടക്കമുള്ള പല നേതാക്കളുടെയും മനോവികാരമാണ് കെ.എസ്. ഹംസ കൊച്ചിയില്‍ നടന്ന പ്രവര്‍ത്തക സമിതിയില്‍ പ്രകടിപ്പിച്ചത്. ഹംസ തുടരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അലോസരം സൃഷ്ടിക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തനിക്ക് സ്ഥാനങ്ങള്‍ ഒഴിയേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി പാണക്കാട് സാദിഖലി തങ്ങളെ അറിയിച്ചതായാണ് വിവരം. തുടര്‍ന്നാണ് ഹംസക്കെതിരെ നടപടിയെടുത്തത്.
രാഷ്ട്രീയ പ്രതിസന്ധിയും സുതാര്യമായ ഫണ്ട് നിര്‍വഹണവുമാണ് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയായത്. പാര്‍ട്ടി മുന്നണിപ്പോരാളിയുടെ റോളിലുള്ള കുഞ്ഞാലിക്കുട്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സ്വീകരിക്കുന്ന അഴകൊഴമ്ബന്‍ സമീപനത്തില്‍ ഉന്നതാധികാര സമിതി അംഗങ്ങള്‍ക്കിടയില്‍ കടുത്ത നീരസമുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍ അദ്ദേഹം താല്‍പര്യമെടുക്കുന്നില്ലെന്നും ന്യൂനപക്ഷ വേട്ടക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന പ്രതികരണംപോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നുമാണ് വിമര്‍ശനം. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ പദവിയോട് നീതിപുലര്‍ത്തുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ദേശീയതലത്തില്‍ പാര്‍ട്ടിക്ക് ആവശ്യമായ പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നത് താനാണെന്ന ന്യായമാണ് കുഞ്ഞാലിക്കുട്ടി യോഗങ്ങളില്‍ ഉയര്‍ത്തുന്നത്. നിയമസഭക്കകത്തും പുറത്തും പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ താന്‍ ഒരുനിലക്കും വിലക്കിയിട്ടില്ലെന്നും തന്റേതായ ശൈലിയില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
12 കോടിയുടെ ‘ഹദ്‍യ’ ഫണ്ട് പാര്‍ട്ടി പത്രത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ വിനിയോഗിക്കുമെന്ന് നേരത്തേ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫണ്ട് വകമാറ്റാനുള്ള നീക്കമുണ്ടാവുകയും ഇതിനെ ഒരുവിഭാഗം എതിര്‍ക്കുകയും ചെയ്തു. നേരത്തേ മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വെടിപൊട്ടിച്ചതും ചന്ദ്രിക ഫണ്ടിനെച്ചൊല്ലിയായിരുന്നു. പാര്‍ട്ടി നടത്തിയിരുന്ന വഖഫ് പ്രക്ഷോഭം നിയമസഭ സമ്മേളനം നടക്കുന്ന നിര്‍ണായക സമയത്ത് നിര്‍ത്തിവെച്ചതിലൂടെ സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ആസൂത്രിത തടയിടല്‍ നടക്കുന്നതായ വികാരം പാര്‍ട്ടിയിലുണ്ട്. ഇത് പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു