National News

ഇതിഹാസ ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു; അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

Keralanewz.com

മുംബൈ : ഇതിഹായ ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ക്യാന്‍സറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച്‌ ഏറെ നാളായി കിടപ്പിലായിരുന്നു.

കൊറോണ ബാധിച്ചതോടെയാണ് നില വഷളായത്. ഇന്നലെ വൈകീട്ടോടെ മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തന്റെ ഹെവി ബാസ് വോയ്സില്‍ ബോളിവുഡ് ഗാനങ്ങള്‍ ആലപിച്ച്‌ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ പിന്നണി ഗായകനാണ് ഭൂപീന്ദര്‍ സിംഗ്. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അദ്ദേഹം, അഞ്ച് പതിറ്റാണ്ട് കാലം ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്നു. മുഹമ്മദ് റാഫി, ആര്‍ ഡി ബര്‍മന്‍, ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്ലെ, ബാപ്പി ലാഹിരി തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദില്‍ ധൂന്ദതാ ഹേ, നാം ഗം ജായേഗാ, ഏക് അകേല ഈസ് ഷഹേര്‍ മേ, കിസി നസര്‍ കോ തേരാ ഇന്റേസര്‍ ആജ് ഭീ ഹേ , ദുനിയാ ഛൂതേ യാര്‍ നാ ഛൂതേ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു.

ഗായകന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചു. ” പതിറ്റാണ്ടുകളായി അവിസ്മരണീയമായ ഗാനങ്ങള്‍ ഒരുക്കി നല്‍കിയ ശ്രീ ഭൂപീന്ദര്‍ സിംഗ് ജിയുടെ വേര്‍പാടില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ നിരവധി ആളുകളെയാണ് സ്വാധീനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടുമൊപ്പം ദുഃഖം പങ്കുവെയ്‌ക്കുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി കുറിച്ചു

Facebook Comments Box