മാസങ്ങളായി വൃത്തിഹീനമായ അവസ്ഥയിൽ കോട്ടപ്പടിയിലെ ശൗചാലയം : ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായി യുവാവും
കോട്ടപ്പടി: മാസങ്ങൾക്ക് മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി നവീകരിച്ച കോട്ടപ്പടി ചേറങ്ങാനാൽ കവലയിൽ ഉള്ള ശൗചാലയം ഉപയോഗ ശൂന്യമായ അവസ്ഥയിൽ ആയിരുന്നു. കക്കൂസ് കെട്ടിടം പെയിന്റ് അടിക്കുകയും പുതിയ ആകർഷകമായ ബോർഡ് സ്ഥാപിക്കുകയും ചെയ്തതല്ലാതെ ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ശൗചാലയത്തിന് അകത്തളത്ത് നവീകരണം നടത്താതിരിക്കുകയും വൃത്തിഹീനമായി കിടക്കുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകൾ നിരവധി ആവശ്യങ്ങൾക്കായി എത്തുന്ന പ്രധാന കവലയാണ് കോട്ടപ്പടി ചേറങ്ങനാൽ കവല. പഞ്ചായത്ത് ഓഫീസ് , പോലീസ് സ്റ്റേഷൻ , വില്ലേജ് ഓഫീസ് , ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ എത്തുന്നവർ കടകളിലെ ജീവനക്കാർ എന്നിവർ അത്യാവശ്യ പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്ന പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ ആണ് വൃത്തിഹീനമായി കിടന്നിരുന്നത്.

നിരവധി ആളുകൾ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള തുടർനടപടികൾ വൈകിയതിനെ തുടർന്ന് കോട്ടപ്പടി സ്വദേശിയും കെ.എസ്.സി (എം) എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ബിനിൽ യൽദോ അലക്കരയിൽ എന്ന യുവാവ് സ്വാമേധയാ മുന്നിട്ടിറങ്ങി കക്കൂസ് വൃത്തിയാക്കുകയായിരുന്നു

ടോയ്ലറ്റിലേക്ക് ആവശ്യമായ ബക്കറ്റും കപ്പും മറ്റ് ശുചീകരണ സാമഗ്രികളും കൂടി ഒരുക്കിയാണ് യുവാവ് തന്റെ പ്രതിഷേധം അറിയിച്ചത്. സാംക്രമിക അസുഖങ്ങളും പകർച്ച വ്യാധികളും അനിയന്ത്രിതമായി പെരുകുന്ന ഈ മഴക്കാലത്ത് നാട്ടുകാർക്ക് വേണ്ടി കരുതൽ നടപടി സ്വീകരിക്കുന്നതിൽ നേതൃത്വം കൊടുക്കുക മാത്രമാണ് താൻ കൈക്കൊണ്ടിരിക്കുന്നത് എന്നും ഇനിയുള്ള കംഫർട്ട് സ്റ്റേഷൻ്റെ സുഖമമായ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെളിച്ചം, കാര്യക്ഷമായ ഡ്രെയിനേജ്, പ്രോപ്പർ വേയ്സ്റ്റ് മാനേജ്മെൻ്റ്, വെൻ്റിലേഷൻ തുടങ്ങിയ സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബിനിൽ കോതമംഗലം വാർത്തയോട് വ്യകത്മാക്കി