‘ബിന്ദുവിൻ്റെ കുടുംബത്തിന് ധനസഹായം നല്‍കും, സംസ്ക്കാര ചടങ്ങിൻ്റെ ചിലവിന് 50,000 ഇന്ന് നല്‍കും, ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകും’: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്ന് വീണു മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി വി എൻ വാസവൻ.
സംസ്ക്കാര ചടങ്ങിൻ്റെ ചെലവിനായി ഇന്ന് 50,000 രൂപ കൈമാറുമെന്നും, ബാക്കി പിന്നാലെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്നലെ മൂന്ന് തവണ ബന്ധപ്പെട്ടിട്ടും വീട്ടില്‍ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി ഇന്ന് രാവില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരച്ചില്‍ നിർത്തിവച്ചു എന്നത് ആരോപണം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്‍പ്പം പ്രയാസം നേരിട്ടുവെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് ബിന്ദുവിൻ്റെ മരണം നടന്നതെന്ന മന്ത്രിമാരുടെയും അധികൃതരുടെയും വാദം പൂർണ്ണമായും തള്ളി ഭർത്താവ് വിശ്രുതൻ രംഗത്തെത്തി. അത് എല്ലാ സമയത്തും ആളുകളുള്ള വാർഡ് ആയിരുന്നുവെന്നും, 15 ബെഡെങ്കിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപും തൻ്റെ ഭാര്യ അതേ ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നും, സ്ഥിരമായി ഡോക്ടർമാർ വാർഡില്‍ റൗണ്ട്സിന് വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആരെയാണ് പറ്റിക്കാൻ നോക്കുന്നതെന്നാണ് വിശ്രുതൻ്റെ ചോദ്യം. അതേസമയം, വീട്ടിലെത്തിച്ച ബിന്ദുവിൻ്റെ സംസ്ക്കാരം രാവിലെ 11 മണിയോടെ നടക്കും.