കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴമെന്ന് പ്രവചനം, 18 സീറ്റുകള്‍ കുറയും
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നാണ് ഹിന്ദി യൂട്യൂബ് ചാനലായ എസ് എൻ ന്യൂസ് – ജെഎസ് ഡബ്ല്യൂ റിസര്‍ച്ച് ഗ്രൂപ്പ് എന്നിവർ സംഘടിപ്പിച്ചെന്ന് പറയുന്ന സര്‍വേ അവകാശപ്പെടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 50000 പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിപ്രായ സര്‍വേ തയ്യാറാക്കിയത് എന്ന് യൂട്യൂബ് ചാനല്‍ അവകാശപ്പെടുന്നു.
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 81 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേ പറയുന്നത്. 99 സീറ്റുകള്‍ നേടി പിണറായി സര്‍ക്കാര്‍ നേടിയ ഭരണത്തുടര്‍ച്ച പക്ഷേ മൂന്നാം ടേമിലെത്തുമ്ബോള്‍ സീറ്റുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തും എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം ഊഴത്തില്‍ ഇടത് പക്ഷത്തിന് 18 സീറ്റുകള്‍ എങ്കിലും നഷ്ടപ്പെടും എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
2021 നെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തും എങ്കിലും യുഡിഎഫിന് തുടര്‍ച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്ത് തുടരേണ്ടിവരും. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 15 സീറ്റുകള്‍ യുഡിഎഫ് അധികമായി നേടും. ബിജെപി കേരളത്തില്‍ മൂന്ന് സീറ്റുകള്‍ എങ്കിലും വിജയിക്കുമെന്ന സൂചനയും പ്രവചനം പറയുന്നു.
തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരോ സീറ്റ് വീതം എന്‍ഡിഎ സ്വന്തമാക്കും എന്നാണ് സര്‍വേ അവകാശപ്പെടുന്നത്. മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം നാല് സീറ്റുകള്‍ സ്വന്തമാക്കും. ആലപ്പുഴയും ഇടതുപക്ഷം കരുത്ത് കാട്ടുമ്ബോള്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്ന സൂചനയും സര്‍വേ പറയുന്നു.