Kerala News

ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു, വാഹനങ്ങള്‍ കയറിയിറങ്ങി ; അര്‍ധനഗ്നമായ നിലയില്‍

Keralanewz.com

കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കും ആറിനുമിടയിലാണ് സംഭവം. അര്‍ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. 

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ് യു വി കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതെന്ന് പീലാമേട് പൊലീസ് പറഞ്ഞു. 

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകമാണോ എന്ന് വ്യക്തമാകൂ എന്നും പൊലീസ് സൂചിപ്പിച്ചു. മരിച്ച സ്ത്രീ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തിനായി രണ്ടു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Facebook Comments Box