Fri. Apr 26th, 2024

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കി ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ നിർവ്വഹിച്ചു

By admin Jun 11, 2021 #news
Keralanewz.com

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൃഷി വകുപ്പ് മന്ത്രി ശ്രീ .പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ  രാവിലെ 10.30 ന്   പച്ചക്കറി  തൈകൾ  നട്ടു കൊണ്ടായിരിന്നു മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചത്.  

  70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൃഷിവകുപ്പിന്റെ ഒരു ജനകീയ കാമ്പയിൻ ആണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി.  സംസ്ഥാന കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം  വിതരണം ചെയ്യുന്നത് . ഓണം സീസൺ മുന്നിൽകണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിൻ്റെ  ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി. .

 പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും,വനിത ഗ്രൂപ്പ്കൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുക എന്നതുതന്നെയാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞ അഞ്ച്  വർഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. കഴിഞ്ഞ വർഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കുവാൻ കഴിഞ്ഞിരുന്നു. ഇത് വർധിപ്പിക്കുകയും  എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയും  ചെയ്യുക എന്നതായിരിക്കും  പദ്ധതി ലക്ഷ്യമിടുന്നത് . കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും വിതരണത്തിനായി തയ്യാറായിട്ടുള്ളത്.  
 ചീര  , വെണ്ട ,  പയർ , പാവൽ , വഴുതന  എന്നിങ്ങനെ 5 ഇനം വിത്തുകൾ അടങ്ങിയ  വിത്ത് പാക്കറ്റുകൾ ആയിരിക്കും  കർഷകർക്കായി കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുക. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ കാർഷികോൽപാദന കമ്മീഷണർ ഇഷിതാ റോയി ഐ എ എസ്, കൃഷി ഡയറക്ടർ കെ. വാസുകി ഐ എ എസ്, സെക്രട്ടറി ഡോ. രത്തൻ ഖേൽകർ ഐ എ എസ് എന്നിവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post