വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക സയനോര
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക സയനോര. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഡാൻസ് വിഡിയോയിലെ ഗായികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമർശനവും. ഗായികയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ചുവടുവെച്ചതിന്റെ വിഡിയോ ആണ് സയനോര കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്
വിഡിയോയ്ക്കു പിന്നാലെ സയനോരയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് വിമർശനവും പരിഹാസവുമായി ചിലർ രംഗത്തെത്തുകയായിരുന്നു. ഷോട്സ് ധരിച്ചായിരുന്നു സയനോരയും മൃദുല മുരളിയും ചുവടുവെച്ചത്. ഇത് സംസ്കാരത്തിനു യോജിച്ചതല്ല എന്നായിരുന്നു സദാചാരവാദികള്‍ ഉയർത്തിയ വിമർശനം. സയനോരയ്ക്കെതിരെ ബോഡി ഷെയ്മിങ്ങും ഉണ്ടായി. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് സയനോര രംഗത്തെത്തിയിരിക്കുന്നത്.
ഡാൻസ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സയനോര പ്രതിഷേധം അറിയിച്ചത്. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാഗോടെയാണ് ഗായിക ചിത്രം പങ്കുവെച്ചത്