National News

ക്യാൻസർ മരുന്നിന് വില കുറയും; ഓൺലൈൻ ഭക്ഷണ വിതരണത്തിന് ചെലവേറും; ജിഎസ്ടി പരിധിയിൽ

Keralanewz.com

ന്യൂഡൽഹി: ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയിൽ ആക്കാൻ തീരുമാനം. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നികുതി ചോർച്ച തടയുകയാണ് ലക്ഷ്യം. 

2022 ജനുവരി ഒന്ന് മുതൽ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാൻ ആരംഭിക്കും. ആപ്പുകളിൽ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓൺലൈൻ ഭക്ഷണത്തിനും ഈടാക്കുക.

അതേസമയം ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാൻ കൗൺസിലിൽ തീരുമാനമായി. ഇതോടെ ക്യാൻസർ മരുന്നുകളുടെ വില കുറയും. 

അതിനിടെ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമായില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പീന്നീട് വീണ്ടും ചർച്ച ചെയ്യാമെന്ന് ജിഎസ്ടി കൗൺസിൽ യോ​ഗം തീരുമാനിച്ചു.

രാജ്യത്ത് പെട്രോൾ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസൽ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തത്. 

എന്നാൽ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പുറമേ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ചേർന്ന് ഒറ്റക്കെട്ടായി പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. 

Facebook Comments Box