Fri. Mar 29th, 2024

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. പുതിയ ബസ് ടെർമിനലിന്റെ എസ്റ്റിമേറ്റ് ഒക്ടോബർ 15നകം സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി. ചീഫ് എൻജിനീയർക്ക് ജോബ് മൈക്കിൾ എം എൽ എ നിർദേശം നൽകി

By admin Sep 30, 2021 #news
Keralanewz.com

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. പുതിയ ബസ് ടെർമിനലിന്റെ എസ്റ്റിമേറ്റ് ഒക്ടോബർ 15നകം സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി. ചീഫ് എൻജിനീയർക്ക് ജോബ് മൈക്കിൾ എംഎൽഎ നിർദേശം നൽകി. കളക്ടറേറ്റിൽ നടന്ന ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിന്റെ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളും. പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു

48.5 ലക്ഷം രൂപ ചെലവിൽ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും ചങ്ങനാശേരി നഗരസഭ പ്രദേശങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളിലേക്കും ജനറൽ ആശുപത്രിയിലേക്കും സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് ഭരണാനുമതിയായി. ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിലേക്കുള്ള ഡി.ജി. സെറ്റിനും ഭരണാനുമതിയായി. 36.53 ലക്ഷം രൂപയാണ് പദ്ധതി വിഹിതം.

നിയോജക മണ്ഡലത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ എസ്റ്റിമേറ്റ് നടപടി വേഗം പൂർത്തീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.

2020-2021 വർഷത്തെ പദ്ധതികളിൽ കണ്ണകുളം – പാറക്കുളം തോട്, പുത്തൻപുരയ്ക്കൽ പടി – മണമേൽ പടി റോഡ്, കണ്ണമ്പള്ളി മാന്തറ – കൈനിക്കര റോഡ്, ചാലയ്ക്കാപറമ്പ്- ആശാഭവൻ റോഡ് എന്നിവ പൂർത്തിയായി. വായനശാല-പോളച്ചിറ റോഡ് ടെണ്ടർ നടപടി പൂർത്തിയായി വരുന്നു.

ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, എ.ഡി.സി. ജനറൽ ജി. അനീസ്, എ.ഡി.എം. ജിനു പുന്നൂസ്, വിദ്യാഭ്യാസ വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ബിഡിഒമാരായ എം.ഇ. ഷാജി, ബി. ഉത്തമൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post