Fri. Apr 19th, 2024

രമ്യ ഹരിദാസ് നുണ പറയുകയാണെന്ന് സിപിഎം

By admin Jun 13, 2021 #Ramya Haridas
Keralanewz.com

രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. അതേസമയം, രമ്യ നുണ പറയുകയാണെന്ന് സിപിഎം പ്രതികരിച്ചു.

രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ഹീനമായ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കോണ്‍?ഗ്രസ് നേതാവ് വി എം സുധീരന്‍. ആലത്തൂര്‍ വന്നാല്‍ കാല് വെട്ടുമെന്ന് പറഞ്ഞ് ജനപ്രതിനിധിയായ രമ്യയെ വെല്ലുവിളിച്ചവര്‍ കശാപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരു പാര്‍ലമെന്റംഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണം. സുധീരന്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന രമ്യാ ഹരിദാസ് എംപിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം പ്രതികരിച്ചു. സംഭവസ്ഥലത്ത് ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എംപിയോട് സാമൂഹികഅകലം പാലിച്ച്‌ ഫോട്ടോയെടുക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതയായി അസഭ്യം പറയുകയായിരുന്നെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

‘കാലു വെട്ടുമെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞെന്നത് രമ്യ പറഞ്ഞ നുണയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസമായി പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഉച്ചയ്ക്ക് രമ്യ ഹരിദാസും സ്ഥലത്തെത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സാമൂഹികഅകലം പാലിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു. വാര്‍ഡ് അംഗമായ നജീബും ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് വണ്ടി കയറിയ രമ്യ തിരിച്ചിറങ്ങി നജീബിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടി ചീപ്പരിപാടിയാണ് രമ്യ കാണിക്കുന്നത്. തുടര്‍ച്ചയായി സിപിഐഎമ്മിനെതിരെ നുണകഥകള്‍ പ്രചരിപ്പിക്കുന്ന രീതിയാണ് രമ്യ സ്വീകരിക്കുന്നത്. രമ്യ സ്വന്തമായി പ്രശ്നങ്ങളാക്കും. പിന്നെ ഇരവാദം ഉന്നയിച്ച്‌ മറ്റുള്ളവരെ വേട്ടക്കാരാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.” ഇത്തരം പെരുമാറ്റങ്ങള്‍ രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും എം എ നാസര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post