Fri. Apr 26th, 2024

ന്യൂനമര്‍ദം മധ്യകേരളത്തിനു മുകളിലൂടെ ? ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

By admin Oct 15, 2021 #news
Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ ( യെല്ലോ അലര്‍ട്ട് ) കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതീവ ജാ​ഗ്രതാ നിർദേശം, മത്സ്യബന്ധനത്തിന് കര്‍ശന വിലക്ക്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നാളെ വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അറബിക്കടലിലെ ന്യൂനമര്‍ദം മധ്യകേരളത്തിനു മുകളിലൂടെ ?

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടിയേക്കും. അതേസമയം അറബിക്കടലില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം  കേരളത്തെ നേരിട്ടു ബാധിക്കും. ഇത് 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തുകൂടെ കരയിലേക്കു പ്രവേശിക്കും. 16 ാം തീയതിയോടെ ഇവ രണ്ടും ഒരേ നേര്‍രേഖയിലെത്തുന്നതോടെ മഴ രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. 

അറബിക്കടലിലെ ന്യൂനമര്‍ദം മിക്കവാറും മധ്യകേരളത്തിനു മുകളിലൂടെയുള്ള പാതയാകും സ്വീകരിച്ചേക്കുക. ഒന്നു കിഴക്കോട്ടും മറ്റൊന്ന് പടിഞ്ഞാറേക്കും സഞ്ചരിക്കും. രണ്ടില്‍ നിന്നുമുള്ള ഗതീകോര്‍ജം കേരളത്തിനു മുകളിലും കനത്ത മേഘപാളികള്‍ എത്തിക്കും. 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമര്‍ദ സംഗമമായിരുന്നു എന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍​ വീണ്ടുമൊരു ന്യൂനമര്‍ദ്ദം കൂടി ?

ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ( 17-ാം തീയതി) മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു. ഇത് സംസ്ഥാനത്ത് തുലാമഴയ്ക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 18 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സ്വകാര്യപൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

Facebook Comments Box

By admin

Related Post