Kerala News

വാഹന പരിശോധനയ്‌ക്കിടെ തെറ്റായ പേരും വിവരങ്ങളും നല്‍കിയ ‘ദശരഥ പുത്ര’നെതിരെ പോലീസ് കേസെടുത്തു

Keralanewz.com

തിരുവനന്തപുരം : വാഹന പരിശോധനയ്‌ക്കിടെ തെറ്റായ പേരും വിവരങ്ങളും നല്‍കി പോലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പോലീസ് കേസ് എടുത്തത്. വാഹന പരിശോധനയ്‌ക്കിടെ അയോദ്ധ്യയിലെ ദശരഥന്റെ മകന്‍ രാമന്‍ എന്ന പേരും വിലാസവും നല്‍കിയാണ് യുവാവ് പോലീസിനെ കബളിപ്പിച്ചത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസിനെ ട്രോളിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയുമുണ്ടായി

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാര്‍ത്ഥ പേരും വിവരങ്ങളും പോലീസിന് ലഭിച്ചത്.
കാട്ടാക്കടയ്‌ക്കടുത്ത് മൈലാടി സ്വദേശിയായ നന്ദകുമാര്‍ ആണ് ഇത്തരത്തില്‍ പോലീസിനെ കബളിപ്പിച്ചത്. ഈ മാസം പന്ത്രണ്ടിനാണ് നന്ദകുമാര്‍ സീറ്റ് ബല്‍റ്റ് ഇടാതെ വണ്ടിയോടിച്ചതിന് പോലീസിന്റെ പിടിയിലായത്

എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. നിയമലംഘനം ചോദ്യം ചെയ്തതിന് യുവാക്കള്‍ പോലീസിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ബഹളത്തിനിടെ പേരും വിവരങ്ങളും പറഞ്ഞുകൊടുത്തു. സ്ഥലം അയോദ്ധ്യയെന്നും അച്ഛന്റെ പേര് ദശരഥന്‍ എന്നും സ്വന്തം പേര് രാമന്‍ എന്നുമാണ് നന്ദകുമാര്‍ പറഞ്ഞത്.

നന്ദകുമാര്‍ നല്‍കിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സര്‍ക്കാരിന് കാശു കിട്ടിയാല്‍ മതിയെന്നായിരുന്നു പിഴയൊടുക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. 500 രൂപയാണ് പെറ്റി എഴുതി നല്‍കിയത്. എന്നാല്‍ കള്ളപ്പേരും വിലാസവും എഴുതിയെടുത്ത പോലീസിനെ ട്രോളിക്കൊണ്ട് വീഡിയോ പ്രചരിച്ചതോടെയാണ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.

ഐപിസി 419, കേരള പോലീസ് ആക്ടിലെ 121, മോട്ടോര്‍ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ നവമാധ്യമങ്ങളില്‍ നേരിട്ട അപമാനത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്

Facebook Comments Box