National News

അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും : വന്‍ പ്രഖ്യാപനവുമായി പ്രിയങ്ക

Keralanewz.com

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ നീക്കവുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. സ്ത്രീകള്‍ക്കിടിയിലെ പ്രിയങ്ക ഗന്ധിയുടെ സ്വാധീനം വോട്ടായി മാറ്റാന്‍ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ചില വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും പലര്‍ക്കുമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

‘ഏറെ സന്തോഷത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനങ്ങളും നല്‍കാന്‍ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോണ്‍ഗ്രസ് തീരുമാനിച്ചു’ പ്രിയങ്കാ ഗാന്ധി അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരാനാണ് കരുതുന്നത്. യുപിയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കേവലം ഏഴ് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്.

ലോക്‌സഭയില്‍ ഒരു എംപി മാത്രവും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയിലൂടെ ശക്തമായി തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഉത്തര്‍പ്രദേശില്‍ നാല്‍പത് ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഇതിനോടകം നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ യോഗി പ്രഭാവത്തിനു മുന്നില്‍ കോണ്‍ഗ്രസിനോ പ്രിയങ്കയ്ക്കോ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Facebook Comments Box