Fri. Apr 19th, 2024

മണ്ണിനടിയിലേക്ക് മലപ്പുറത്തെ ഒരു ഗ്രാമം

By admin Oct 24, 2021 #Malappuram #പാറമട
Keralanewz.com

അധികാര കേന്ദ്രങ്ങളെ നോക്കുകുത്തികൾ ആക്കികൊണ്ട് മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ വെറ്റിലപ്പാറ പ്രദേശത്തു ചെറുപാറ ഗ്രാനൈറ്റ് എന്ന സ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്ന അനധികൃതമായ മല ഇടിച്ചു കൊണ്ടുള്ള മണ്ണെടുപ്പ് വെറ്റിലപ്പാറ എന്ന ഗ്രാമത്തെ തന്നെ ഇല്ലാതെ ആക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

അതീവ പരിസ്ഥിതി ദുർബല മേഖലയും, മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലയും ആയ ചെക്കുന്നു മലയുടെ മാറു പിളർന്നു കൊണ്ടാണ് ഈ പരിസ്ഥിതി ചൂഷണം നടക്കുന്നത്. കുത്തനെ ചരിഞ്ഞതും ഒരുപാട് ഉരുളപ്പൊട്ടലുകൾ നടന്നിട്ടുള്ളതും ആയ ഈ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാപനത്തിന് എങ്ങനെ പ്രവർത്തനാനുമതി ലഭിച്ചു എന്നത് ഇന്നും ആശ്ചര്യമാണ്.2018 പ്രളയ സമയത്ത് ഉരുളപൊട്ടൽ ഉണ്ടായി പത്തിലേറെ ജീവൻ നഷ്ടമായ പ്രദേശം ആണിത്.

നിലവിൽ മണ്ണ് മാറ്റിയ സ്ഥലങ്ങളിൽ ഭൂഗർഭ ജലം പുറത്തേക്കു പൊട്ടി ഒലിക്കുന്ന നിലയിൽ ആണ് ഏക്കർ കണക്കിന് പ്രദേശത്തെ മണ്ണ് ചെളിയായി സമീപത്തെ ചാലിയാറിന്റെ കൈവഴിയായ ചെറുപുഴയിലൂടെ സദാസമയവും ഒഴുകി കൊണ്ടിരിക്കുകയാണ്.

ഇത്രയും വലിയ ഭീകരാവസ്ഥയിലുള്ള ഈ പ്രദേശം ഒന്ന് സന്ദർശിക്കുവാനോ താഴ്‌വാരത്തുള്ളവരെ പുനരധിവസിപ്പിക്കുവാനൊ ഇതുവരെ സ്ഥലം എംഎൽഎ യോ, പഞ്ചായത്ത്‌ ഭരണസമിതിയോ , തഹസീൽദാരോ,ജില്ലാ കളക്ടറോ പോലും തയ്യാറാകാത്തത് പരിസരവാസികളിൽ കനത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

ഒരു ദുരന്തം ഉണ്ടായി ജീവൻ പോവുകയാണെങ്കിൽ മാത്രമേ അധികാരികളുടെ കണ്ണ് തുറക്കുമോ എന്നാണ് നിസ്സഹായരായ നാട്ടുകാർ ചോദിക്കുന്നത്.

Facebook Comments Box

By admin

Related Post