Kerala News

ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു

Keralanewz.com

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രിയും ദേവസ്വം ഭരണ സമിതി അംഗവുമായ പുഴക്കര ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട്(71) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് എത്തിച്ച്‌ സംസ്‌കരിക്കും.

കോവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതും മൂലം ആറു ദിവസം വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കോവിഡ് നെഗറ്റിവായിരുന്നു.

സെപ്റ്റംബര്‍ 16ന് നടന്ന മേല്‍ശാന്തി നറുക്കെടുപ്പിനാണ് അവസാനമായി അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.

ദീര്‍ഘകാലം ക്ഷേത്രം തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരന്‍ നമ്ബൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനാണ്. പ്രധാന തന്ത്രിയാകുന്നതിന് മുന്‍പ് കുറച്ചുകാലം നെടുങ്ങാടി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ്.

ചേന്നാസ് വാസുദേവന്‍ നമ്ബൂതിരിപ്പാട് ‍ അന്തരിച്ചതിനെ തുടര്‍ന്ന് 2013 ഡിസംബര്‍ 26 നാണ് നാരായണന്‍ നമ്ബൂതിരിപ്പാട് പ്രധാന തന്ത്രി സ്ഥാനത്ത് എത്തിയത്. കീഴ്‌വഴക്കമനുസരിച്ച്‌ ക്ഷേത്രത്തിലെ താന്ത്രിക അവകാശികളായ പുഴക്കര ചേന്നാസ് മനയിലെ കാരണവരാണ് മുഖ്യതന്ത്രിയും ദേവസ്വം ഭരണസമിതി അംഗവും ആകുന്നത്.

മലപ്പുറം വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലത്താണ് പുരാതന തന്ത്രികുടുംബമായ പുഴക്കര ചേന്നാസ് മന. 2014 ജനുവരി 25 മുതല്‍ ദേവസ്വം ഭരണസമിതി സ്ഥിരാംഗമാണ് നാരായണന്‍ നമ്ബൂതിരിപ്പാട്.

ചെങ്ങന്നൂര്‍ മിത്രമഠത്തിലെ സുചിത്രാ അന്തര്‍ജനമാണ് ഭാര്യ. ഗുരുവായൂര്‍ ക്ഷേത്രത്തിലെ താന്ത്രികച്ചടങ്ങുകള്‍ നിര്‍വഹിയ്ക്കുന്ന ശ്രീകാന്ത് നമ്ബൂതിരിപ്പാട് ഏകമകനാണ്. മരുമകള്‍: പിറവം മ്യാല്‍പ്പള്ളി ഇല്ലത്ത് അഖിലാ അന്തര്‍ജനം.

ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാട് അടുത്ത പ്രധാന തന്ത്രിയാവും.

Facebook Comments Box