Kerala News

മുല്ലപ്പെരിയാര്‍ കരാറിന് ഇന്ന് 135 വയസ്

Keralanewz.com

കോട്ടയം: രണ്ടു പതിറ്റാണ്ടിന്റെ നിരന്തര സമര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി ഒടുവില്‍ ഗത്യന്തരമില്ലാതെ തിരുവിതാംകൂര്‍ മഹാരാജാവ് മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പിട്ടിട്ട് ഇന്നു 135 വര്‍ഷം. 1886 ഒക്ടോബര്‍ 29നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവയ്ക്കപ്പെട്ടത്

തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വെമ്പക്കം രാമ അയ്യങ്കാരും ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിക്കുവേണ്ടി സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെ ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം തിരുവിതാംകൂര്‍ റെസിഡന്റ് ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണു കരാറില്‍ ഒപ്പുവച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മരാമത്ത് സെക്രട്ടറിയായിരുന്ന കെ.കെ. കുരുവിളയും ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ജെ.എച്ച്. പ്രിന്‍സുമായിരുന്നു സാക്ഷികള്‍.

പെരിയാര്‍ പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാല്‍, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാള്‍ രാമവര്‍മയായിരുന്നു അന്നത്തെ ഭരണാധികാരി. കരാറിലേര്‍പ്പെടാന്‍ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല

എന്നാല്‍, ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ല്‍ ഉടമ്പടിയില്‍ ഒപ്പുവയ്പിച്ചു. പൂര്‍ണമായും ഏകപക്ഷീയമായി ബ്രിട്ടീഷ് ഇന്ത്യയുടെ താത്പര്യസംരക്ഷണാര്‍ഥമാണ് 999 വര്‍ഷത്തേക്കുള്ള മുല്ലപ്പെരിയാര്‍ കരാര്‍ തയാറാക്കിയത്. 1887ല്‍ അണക്കെട്ടിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയും ഉടന്‍തന്നെ നിര്‍മാണമാരംഭിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉപജ്ഞാതാവും സൃഷ്ടികര്‍ത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരന്‍ ജോണ്‍ പെനി ക്വിക്കാണ് 1895ല്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്

Facebook Comments Box