Kerala News

നവവരനെ മര്‍ദിച്ച കേസ്; ഭാര്യാസഹോദരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന

Keralanewz.com

തിരുവനന്തപുരം; ചിറയിന്‍കീഴില്‍ നവവരനെ ആക്രമിച്ച കേസില്‍ ഭാര്യാസഹോദരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

പ്രതി ഡാനിഷ് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസ് നിഗമനം. ഇതരമതത്തില്‍ നിന്നു വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു യുവാവിന് മര്‍ദനം.

ചിറയിന്‍കീഴ് സിഐ ജിബി മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നെന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക് കൂടി പൊലീസ് വ്യാപിപ്പിച്ചു.

ഒക്ടോബര്‍ 31നു നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വൈകിയെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് മിഥുന്റെ ബന്ധുക്കള്‍ അറിയിച്ചു. ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന തണ്ടാര്‍ മഹാസഭ അടക്കമുള്ള സംഘടനകളും വ്യക്തമാക്കി.

ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ വിവാഹം ചെയ്ത മിഥുനേയും ദീപ്തിയേയും ഒത്തുതീര്‍പ്പെന്ന നിലയ്ക്കാണ് ഡാനിഷ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. മതംമാറണമെന്ന് മിഥുനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ മിഥുന്‍ കൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

Facebook Comments Box