Fri. Apr 26th, 2024

‘കാവല്‍’ സിനിമയ്ക്ക് ഒടിടിയില്‍ നിന്നും വലിയ തുക ഓഫര്‍ വന്നിരുന്നതായി നിര്‍മാതാവ് ജോബി ജോര്‍ജ്

By admin Nov 12, 2021 #kaval movie
Keralanewz.com

‘കാവല്‍’ സിനിമയ്ക്ക് ഒടിടിയില്‍ നിന്നും വലിയ തുക ഓഫര്‍ വന്നിരുന്നതായി നിര്‍മാതാവ് ജോബി ജോര്‍ജ്.

തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് താന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ലെന്ന ബോധ്യത്തോടെ മുന്നോട്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘എനിക്ക് ഒടിടിയില്‍ നിന്നും വന്‍ഓഫര്‍ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവര്‍ ‘കാവലി’ന് തരാമെന്ന് പറഞ്ഞത്. അത് എത്രയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. എനിക്ക് പക്ഷേ ആ സംഖ്യ ആവശ്യമില്ല. ഞാന്‍ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ തിരിച്ച്‌ കിട്ടും. എനിക്ക് അത് മതി. ആര്‍ത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് ഓസ്ട്രേലിയില്‍ പൗരത്വം കൂടിയുണ്ട്. അവിടെ ഒരിക്കല്‍ സാമ്ബത്തികപ്രതിസന്ധി ഉണ്ടായപ്പോള്‍ ഗവണ്‍മെന്റ് എല്ലാവരുടെയും അക്കൗണ്ടില്‍ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതുപയോഗിച്ച്‌ ജീവനോപാധി കണ്ടെത്താന്‍. നമ്മുടെ നാട്ടിലും ഇപ്പോള്‍ വേണ്ടത് അത്തരമൊരു സംവിധാനമാണ്. പണം ഒരാളുടെ കയ്യില്‍ മാത്രം ഇരുന്നാല്‍ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.’-ജോബി ജോര്‍ജ് പറഞ്ഞു.

‘ഗുഡ്‌വില്‍ എന്ന കമ്ബനി വളര്‍ന്നത് തിയറ്ററുകളുടെയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. എനിക്ക് സഹനിര്‍മാതാക്കള്‍ ഒന്നുമില്ല. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തിയറ്റര്‍ വ്യവസായത്തെ ആശ്രയിച്ച്‌ കഴിയുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടില്‍. പോസ്റ്റര്‍ ഒട്ടിക്കുന്നര്‍, ഫ്ലക്സ് നിര്‍മിക്കുന്നവര്‍ അങ്ങനെ ഒരുപാട് പേരുടെ അന്നമാണ് സിനിമ. അത് മുടക്കിയിട്ട് ഞാന്‍ മാത്രം നന്നാകുന്നത് ശരിയല്ല എന്ന് തോന്നി.’-ജോബി ജോര്‍ജ് പറഞ്ഞു.

‘കസബ’യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ പ്രതികാര കഥയാണ് പറയുന്നത്. നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്ബോള്‍ ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും എത്തുന്നു. ദേശീയ പുരസ്കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തും.

Facebook Comments Box

By admin

Related Post