ഉറപ്പുമായി കുറുപ്പ് എത്തി; പ്രതീക്ഷയോടെ മലയാള സിനിമ ലോകം
കൊച്ചി : ദുല്‍ഖര്‍ സല്‍മാന്‍ നായകനായ “കുറുപ്പ്” തിയറ്ററില്‍ എത്തി. ആരാധകര്‍ ആഘോഷത്തോടെയാണ് കുറുപ്പിനെ വരവേറ്റത്. ചെണ്ടകൊട്ടിയും മധുരംവിളമ്പിയും താരത്തിന്റെയും സിനിമയുടെയും പോസ്‌റ്ററുകളുമായി ഫാന്‍സ് അസോസിയേഷന്‍ വരവേല്‍പ്പ് ഗംഭീരമാക്കി.
സംസ്‌ഥാനത്ത് 450 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. ആകെ 1500 ല്‍പരം തിയറ്ററുകളിലായിരുന്നു പ്രദര്‍ശനം.
1984 ജനുവരി 21-ന് കേരളത്തെ പിടിച്ചുകുലുക്കിയ ചാക്കോ വധക്കേസാണ് സിനിമയുടെ കഥാ തന്തു. കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് ഇപ്പോഴും ഒളിവിലാണ്. ആദ്യദിനം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുണ്ടായതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കോവിഡിനു ശേഷം തിയറ്ററുകള്‍ തുറന്നതിനു പിന്നാലെ വമ്പന്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യാതെ മാറിനില്‍ക്കുമ്പോഴാണ് കുറുപ്പിന്റെ രംഗപ്രവേശം. കുറുപ്പ് വിജയമാകുകയാണെങ്കില്‍ കൂടുതല്‍ സിനിമകള്‍ തീയറ്റര്‍ റിലീസിനൊരങ്ങുമെന്നാണ് സിനിമാ മേഖലയിലെ മുഖ്യചര്‍ച്ച.
കോവിഡാനന്തരം തിയറ്റര്‍ തുറന്നെങ്കിലും കാണികള്‍ എത്താതിരുന്നതുകൊണ്ട് ഇറങ്ങിയ പല സിനിമകളു കളക്ഷനില്‍ പിന്നാക്കം പോയി. രജനീകാന്ത് നായകനായ അണ്ണാത്തൈയ്‌ക്കുപോലും തിയറ്ററുകളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞില്ല. കളക്ഷന്‍ കുറഞ്ഞത് നിര്‍മാതാക്കളെ തിയറ്റര്‍ റിലീസില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.
100 കോടി മുടക്കി നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രം “മരയ്‌ക്കാര്‍ അറബിക്കടലിലെ സിംഹം” തിയറ്റര്‍ റിലീസില്‍ നിന്ന് പിന്തിരിയുകയും ചെയ്‌തു.
എന്നാല്‍, കഴിഞ്ഞ ദിവസം സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഈ ചിത്രം ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായി.
തിയറ്റര്‍ ഉടമകളുമായി ഉപാധികളൊന്നും വയ്‌ക്കാതെയാകും മരയ്‌ക്കാര്‍ റിലീസ് ചെയ്യുക. തിയറ്റര്‍ റിലീസിനു ശേഷം ഒ.ടി.ടിയിലേക്കും മരയ്‌ക്കാര്‍ പോകും