കരതൊടാൻ തീവ്രന്യൂനമർദ്ദം; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രത, കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ചെന്നൈ:ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം (depression) തീവ്രന്യൂനമർദ്ദമായി (well marked depression) കര തൊടുന്നതിന്‍റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം ഇന്ന് പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. കേരളത്തിലാകട്ടെ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ തന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അതേസമയം തമിഴ്നാട്ടിൽ കനത്ത മഴ (heavy rain) തുടരുകയാണ്. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ മഴ ശക്തമാണ്. ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്കായിരുന്നു നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റെഡ് അലർട്ട് 11 ജില്ലകളിൽ കൂടി റെഡ് അല‍ർട്ട് പ്രഖ്യാപിക്കുകയായിരുന്നു. മൊത്തം 16 ജില്ലകളിലാണ് നിലവിൽ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, തിരുവള്ളൂർ ജില്ലകളിലും നല്ല മഴയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുകയാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്

ചെന്നൈ നഗരത്തിൽ ടി നഗർ ഉസ്മാൻ റോഡ്, ജിവി ചെട്ടി റോഡ്, കിൽപ്പോക്ക് തുടങ്ങിയ പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം തുടരുകയാണ്. പോണ്ടിച്ചേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. നീരൊഴുക്ക് കൂടിയതിനാൽ ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. രാത്രിയോടെ തിരുപ്പതിയിലടക്കം കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. തിരുപ്പതിയിലേക്കുള്ള വിമാനസർവ്വീസുകളടക്കം വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇവ ബംഗ്ലൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലിറങ്ങുമെന്നാണ് അറിയിപ്പ്. തിരുപ്പതി വിമാനത്താവളത്തിലടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

തീവ്രന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി ആന്ധ്രയുടെ കിഴക്കന്‍മേഖലയിലാണ് മഴ കൂടുതൽ ശക്തം. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുമല മലയടിവാരത്തെ ക്ഷേത്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.ചിറ്റൂരിൽ സ്വർണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാർപ്പിച്ചു.നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുപ്പതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി സ്ഥിതി വിലയിരുത്തി. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് സ്കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിലും ജാഗ്രത നി‍ർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരയിൽ പ്രവേശിക്കുന്നതോടെ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതിനാൽ കേരളത്തിലും കാര്യമായ മഴ കിട്ടും. വ്യപകമായി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണം എന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് ശേഷമേ, കേരളത്തിൽ ഉണ്ടാകാവുന്ന സ്വാധീനത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •