Kerala News

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും

Keralanewz.com

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും.

ആന്ധ്രയിലെ ദമ്ബതികളില്‍ നിന്ന് ഇന്നലെ രാത്രി ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും. ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്ധ്രയിലെ ദമ്ബതികള്‍ കുട്ടിയെ കൈമാറിയത്.

നാട്ടിലെത്തിക്കുന്ന കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. കൂടാതെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തുകയും ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കുകയും ചെയ്യും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

അതേസമയം, കുട്ടിയെ തിരിച്ചു കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെ തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച്‌ അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

Facebook Comments Box