Thu. Apr 25th, 2024

രാജ്യത്ത് എറ്റവും വിഷമയമായ മത്സ്യം വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ

By admin Jun 19, 2021 #news
Keralanewz.com

പനങ്ങാട്: രാജ്യത്ത് എറ്റവും വിഷമയമായ മത്സ്യം വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ സ്ഥിതി മാറേണ്ടതുണ്ട്. അതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും പ്രതിജ്ഞാബദ്ധമാണെന്നും സജി ചെറിയാൻ പറഞ്ഞു.

ഫിഷറീസ് സയൻസിൽ പഠനവും പരിശീലനവും നേടുന്നവർക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ വ്യവസായരംഗത്തും ഗവേഷണ മേഖലയിലും ലഭിക്കുന്ന തൊഴിൽ-തുടർപഠന അവസരങ്ങളെ കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിവ് നൽകുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിന്റെ പ്ളീനറി സെക്ഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ശുദ്ധമായ മത്സ്യം ജനങ്ങൾക്ക് എത്തിക്കാൻ സംസ്ഥാനത്ത് ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കണം. വെള്ളമുള്ളിടത്തെല്ലാം മത്സ്യകൃഷി നടത്തണം. അതിന് അനുയോജ്യമായ കോഴ്സുകൾ ഫിഷറീസ് സർവകലാശാലയിൽ ആരംഭിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മനുഷ്യനിർമിത കുളങ്ങളിലും ജലാശയങ്ങളിലും മത്സ്യം ശാസ്ത്രീയമായി വളർത്തുന്ന അക്വാകൾച്ചർ ശാസ്ത്രശാഖയ്ക്ക് പ്രാമുഖ്യം നൽകി വേണം ഫിഷറീസ് സയൻസ് പഠനരംഗം മുന്നോട്ട് പോകേണ്ടത് എന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ അഭിപ്രായപ്പെട്ടു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 55-ാ മത് സംസ്ഥാന കോൺഫറൻസിനോട് അനുബന്ധിച്ച് സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തിയ ഉന്നത വിദ്യാഭ്യാസ സെമിനാറിന്റെ ഭാഗമായാണ് ഫിഷറീസ് വിദ്യാഭ്യാസ അവസരങ്ങളുടെ സെമിനാർ കുഫോസ് സംഘടിപ്പിച്ചത്. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. മോഹൻ ജോസഫ് മോടയിൽ മോഡറേററായിരുന്നു

Facebook Comments Box

By admin

Related Post