Kerala News

ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി ലഭിച്ചാൽ 12-18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് നൽകുന്ന ആദ്യ വാക്‌സിനായി ZyCoV-D മാറും

Keralanewz.com

ന്യൂഡൽഹി: കോവിഡ് വാക്സിൻ ZyCoV-D അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതിക്കായി പ്രമുഖ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും. അടുത്താഴ്ച മുതൽ വാക്സിൻ വിപണിയിലെത്തിക്കാനും അടിയന്തിരമായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലും ZyCoV-D പരീക്ഷിച്ചിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ വാക്സിൻ അടിയന്തരമായി ഉപയോ​ഗിക്കാനുള്ള അനുമതി തേടി അപേക്ഷ നൽകും. അനുമതി ലഭിച്ചാൽ ഡിഎൻഎ പ്ലാസ്മിഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനായി ഇത് മാറും. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണഫലം തയാറാണെന്നും കമ്പനി വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കാം.

ന്യൂക്ലിക് ആഡിസ് വാക്‌സിൻ ഗണത്തിൽപ്പെടുന്നതാണ് സൈക്കോവ്- ഡി. വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ആന്റിബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. മരുന്നിന്റെ പരീക്ഷണം കുട്ടികളിൽ കമ്പനി നടത്തിയിട്ടുണ്ട്. ഇതിന് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി ലഭിച്ചാൽ 12-18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് നൽകുന്ന ആദ്യ വാക്‌സിനായും ഇത് മാറുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും റഷ്യൻ നിർമ്മിത സ്പുട്‌നിക്- അഞ്ചിനും മാത്രമാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്.

Facebook Comments Box