Thu. Apr 25th, 2024

ചിത്രകല അങ്ങനെ ചിത്രാനന്ദമയിയായി; ആൾദൈവത്തെ ട്രോളി സൈബർ ലോകം ആഘോഷിച്ചപ്പോൾ ചിത്രാനന്ദമയിയെ കാണാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്

By admin Dec 4, 2021 #news
Keralanewz.com

ട്രോളും വിമർശനങ്ങളുമെല്ലാം ആൾ ദൈവങ്ങൾക്ക് തുണയാകുന്നു. തിരുവനന്തപുരത്തെ ആൾദൈവത്തെ ട്രോളി സൈബർ ലോകം ആഘോഷിച്ചപ്പോൾ ചിത്രാനന്ദമയിയെ കാണാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്. നെഗറ്റീവ് പബ്ലിസിറ്റി തനിക്ക് തുണയായെന്ന് ആൾദൈവം തന്നെ സമ്മതിക്കുന്നു. എത്ര തട്ടിപ്പുകളിൽ വീണാലും പഠിക്കാത്ത ആളുകളുടെ നാട്ടിൽ‌ ആത്മീയ വ്യാപാരത്തിനുള്ള സാധ്യത തിരിച്ചറിയുന്നവർക്ക് ലക്ഷങ്ങളാണ് സമ്പാദിക്കാൻ കഴിയുന്നത്. ഇരകളാകുന്നവർക്ക് നഷ്ടപ്പെടുന്നതാകട്ടെ ലക്ഷങ്ങളും.

മാമ്പുഴ അമ്മ മുതൽ വട്ടിയൂർക്കാവിലെ ചിത്രാനന്ദമയി വരെ ഇപ്പോൾ ആളുകൾ ആഘോഷമാക്കുകയാണ്. ചോർന്നൊലിക്കുന്ന ഒരു വീട്ടിൽ അഷ്ടിയ്ക്കു വകയില്ലാതെ കഴിയുമ്പോഴും തന്നെ സമീപിക്കുന്നവരുടെ ജീവിതം മാറ്റി മരിക്കുന്ന ആൾദൈവങ്ങൾ. എന്നാൽ ആദ്യം അവർക്ക് സ്വന്തം കഷ്ടതകൾ മാറ്റി കൂടെ? അത് പോലും ചിന്തിക്കാതെ ദിനംപ്രതി എത്രയോ ആളുകളാണ് ഇവരെ പോലെ ഉള്ളവരുടെ കാൽക്കൽ പോയി അഭയം പ്രാപിക്കുന്നത്.

സ്വന്തം കഷ്ടകൾ മാറ്റി നല്ല ജീവിതം നയിക്കാത്ത ഇവരാണോ ഞങ്ങളുടെ കഷ്ടതകൾക്ക് അറുതി വരുത്താൻ പോകുന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവരുടെ തേനൂറുന്ന വാക്കുകളിലും പ്രവർത്തിയിലും മയങ്ങി ചെല്ലുന്നവരെ അവർ പരമാവധി ഉപയോഗിക്കുകയായിരുന്നു. അത്തരത്തിൽ നിരവധിപേർക്കാണ് പണവും വീടും സ്വന്തം മകനെ പോലും നഷ്ടമായത്. അതിനു ഉത്തമ ഉദാഹരണമാണ് കൊല്ലത്തെ ശ്രീദേവിയമ്മ. തന്റെ മകനെ കൂടി നഷ്ടപെടുന്ന സാഹചര്യത്തിലാണ് തന്നോട് അവർ ചെയ്തതൊക്കെ ആ അമ്മയ്ക്ക് മനസിലായത്. എന്നാൽ അപ്പോഴേയ്ക്കും അവരുടെ നൊന്തുപെറ്റ മകനെയും നഷ്ടമായിരുന്നു.

അറിയപ്പെടുന്ന ഒരു ആൾദൈവത്തിന്റെ പേരിനോട് സാമ്യമുള്ള പേരുമായി ഇക്കഴിഞ്ഞ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ച താരമാണ് ചിത്രാനന്ദമയി അമ്മ. പലതരത്തിലുള്ള ട്രോളുകളും വിവിധ വീഡിയോകളും കൊണ്ട് ചിത്രാനന്ദമയിയെ ആഘോഷിക്കുകയാണ് മലയാളികൾ. എന്നാൽ ഇവർ ശരിക്കും ആരാണ്? കേരളജനത ഇത്ര പെട്ടെന്ന് ഇവരെ ശ്രദ്ധിക്കാൻ കാരണമെന്താണ്?

”അലൗകികമായ മാതൃഭാവത്തിന്റെ അർത്ഥപൂർണമായ സന്നിധി’ എന്ന ക്യാപ്ഷനോടെ വട്ടിയൂർക്കാവ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇങ്ങനെയാണ്.

ചിത്രകല അങ്ങനെ ചിത്രാനന്ദമയിയായി

പൂർവാശ്രമത്തിൽ ചിത്രകല എന്നായിരുന്നു ചിത്രാനന്ദമായി അമ്മയുടെ പേര്. നെയ്യാറ്റിൻകരയ്ക്ക് സമീപം വണ്ടന്നൂരാണ് സ്വദേശം. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സുഹൃത്തുക്കളോട് നടത്തുന്ന പ്രവചനങ്ങളെല്ലാം ശരിയായി വന്നിരുന്നു എന്ന് അവർ അവകാശപ്പെടുന്നു.

ഭർത്താവ് മരിച്ച ശേഷം ജീവിക്കാനായി പല ജോലികളും ചെയ്തിരുന്നു. ഏറെ ദുരിതങ്ങൾ അക്കാലത്ത് അനുഭവിച്ചിരുന്നെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനായി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. ആദ്യം പതിമൂന്ന് വർഷം ആയുർവ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിൽക്കാനും പോയിട്ടുണ്ട്. ഒടുവിൽ ജീവിക്കാൻ മാർഗമില്ലാതെ ഹോട്ടലിൽ പാത്രം കഴുകാൻ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു. അക്കാലത്തും അവർ പ്രവചനങ്ങൾ നടത്തിയിരുന്നു. ഒരു ജോലി സ്ഥലത്തും അധികനാൾ തുടരാൻ അവർക്ക് കഴിഞ്ഞില്ല. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു സിദ്ധി തന്നിലുണ്ടെന്ന് അവർ ആനി തിരിച്ചറിഞ്ഞിരുന്നു എന്നാണവർ സ്വയം പറയുന്നത്.

അങ്ങനെയാണ് അത് തിരിച്ചറിഞ്ഞത്

ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകൾ കളിയാക്കുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടുകയും ചെയ്തെങ്കിലും തന്റെ കഴിവിൽ പൂർണമായ ആത്മവിശ്വാസവും അഭിമാനവും ചിത്രാനന്ദമയിക്കുണ്ട്. മുമ്പ് പല ജോലികൾ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങൾ യാഥാർത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് ഒരു സാധാരണ വീട്ടമ്മയായിരുന്ന താൻ ചിത്രാനന്ദമയി അമ്മയായതെന്ന് അവർ പറയുന്നു.

തന്റെ സിദ്ധികൾ കൊണ്ട് മറ്റ് മനുഷ്യർക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കിൽ താനിപ്പോഴും വാടകവീട്ടിൽ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തും പരിസരത്തുമുള്ളവർക്ക് തന്നെ അറിയാം, താൻ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെങ്കിൽ തന്നെ അറിയുന്നവർ അത് പരസ്യമായി ചോദിക്കുമല്ലോ എന്നും അവർ പറയുന്നു.

ചിത്രാനന്ദമയി ആൾദൈവമായത് ബന്ധുക്കൾക്കാർക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്ന അവരുമായി ഇപ്പോൾ ചിത്രാനന്ദമയിക്ക് ബന്ധമൊന്നുമില്ല. മക്കൾ വല്ലപ്പോഴും കാണാൻ വരും. അതിനപ്പുറം അവരുമായി ബന്ധമില്ല.

അന്ന് ഒരു പൊങ്കാല നാൾ ആയിരുന്നു

ഒരു ആറ്റുകാൽ പൊങ്കാലദിവസമാണ് തനിക്ക് ദേവിയുടെ അനുഗ്രഹം ലഭിച്ചതെന്ന് ചിത്രാനന്ദമയി വിശ്വസിക്കുന്നു. ഏഴുവർഷം മുമ്പുള്ള ഒരു ദിവസം അവർ അനുഗ്രഹം ലഭിച്ച് ബോധം കെട്ട് വീഴുകയായിരുന്നു. മറ്റൊരു ദിവസം തന്നെ പരീക്ഷിക്കാൻ വന്ന ഒരാളുടെ ഭൂകാലങ്ങൾ താൻ കണ്ണടച്ച് പറഞ്ഞത് കേട്ട് അയാൾ അത്ഭുതപ്പെട്ടു. എന്റെ ഉള്ളിൽ ദിവ്യത്വമുണ്ടെന്ന് ആധികാരികമായി പറയുന്നത് അദ്ദേഹമാണ്. അദ്ദേഹത്തെ ഞാനെന്റെ മാനസഗുരുവായി കാണുന്നു. ചിത്രാനന്ദമയി പറയുന്നു.

ചിത്രാനന്ദമയിയെ കാണാൻ ധാരാളം ഭക്തർ വരുന്നുണ്ടെന്ന് അവർ പറയുന്നു. അവർ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാൻ നോക്കാറില്ല. അവർ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബന്ധുക്കൾക്കോ കുടുംബത്തിനോ പോകുമെന്ന ഭയം വേണ്ടെന്നും അവർ പറയുന്നു. ഭക്തർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ച് അവർക്ക് ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ അന്നദാനം നൽകുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും വിശേഷദിവസങ്ങളിലും അന്നദാനമുണ്ട്.

വട്ടിയൂർക്കാവിൽ വരുന്നതിന് മുമ്പ് കരമന, പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നത്. അവിടെയൊന്നും താൻ ഒരു തട്ടിപ്പും നടത്തിയിട്ടില്ല. അവിടെയൊന്നും ഇത്തരത്തിലുള്ള ആക്രമണം തനിക്ക് നേരെ ഉണ്ടായിട്ടില്ലെന്ന് ചിത്രാനന്ദമയി പറയുന്നു. വട്ടിയൂർക്കാവിലെത്തിയ ശേഷം കൂട്ടമായ ആക്രമണമാണ് ഉണ്ടായത്. ഇവിടെ ബോർഡ് വച്ചിട്ട് അഞ്ച് മാസമായി. പക്ഷെ താനിവിടെ താവസം തുടങ്ങാൻ കാത്ത് നിൽക്കും പോലെയാണ് കഴിഞ്ഞ ഞായറാഴ്‌ച്ച മുതൽ ആക്രമണമുണ്ടായതെന്നും അവർ പറയുന്നു.

ചട്ടപ്രകാരമുള്ള സന്യാസദീക്ഷയൊന്നും ചിത്രാനന്ദമയി സ്വീകരിച്ചിട്ടില്ല. ലഭിച്ച സിദ്ധി മറ്റുള്ളവരുടെ ഗുണത്തിനായി വിനിയോഗിക്കണമെന്ന ചിന്ത മാത്രം. ശ്രീരാമകൃഷ്ണ പരമഹംസനടക്കമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധിപേരെ മാനസഗുരുക്കളായി വരിച്ചിട്ടുണ്ട്. പാപ്പനംകോട് വീട്ടിൽ ഇരുന്നപ്പോൾ വധഭീഷണി വരെ ഉണ്ടായി. വട്ടിയൂർക്കാവിൽ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണെന്നുമാണ് ചിത്രാനന്ദമയി പറയുന്നു. എന്തായാലും ട്രോളുകൾ ഹിറ്റായതിനെ തുടർന്ന് ഇപ്പോൾ കൂടുതൽ പേർ ചിത്രാനന്ദമയിയെ തേടി വട്ടിയൂർകാവിലെത്തുന്നുണ്ട്.

മാമ്പുഴയമ്മയുടെ മറ്റൊരു വേർഷൻ ആണ് ചിത്രാനന്ദമായി. കുണ്ടറ ഇളംമ്പള്ളൂർ സ്വദേശിയായ ഹിന്ദുജ ആൾദൈവം ചമഞ്ഞ് അൻപത്തിനാലു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ. കൊല്ലം കടപ്പാക്കട സ്വദേശിയായ ശ്രീദേവിയാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. നടുവേദന മാറാതെ വന്നപ്പോഴാണ് ശ്രീദേവി സുഹൃത്തിന്റെ നിർദേശപ്രകാരം കുണ്ടറയിലുള്ള ആൾദൈവം തുഷാര എന്ന ഹിന്ദുജയുടെ അടുത്തെത്തിയത്. മാമ്പുഴയമ്മ എന്ന വിളിപ്പേരുള്ള ഈ ആൾദൈവം പല ഘട്ടങ്ങളായി അമ്പതു ലക്ഷത്തിലധികം രൂപയും ബാങ്ക് ഉദ്യോഗസ്ഥനായ തന്റെ മകനെയും തട്ടിയെടുത്തെന്നാണ്‌ ശ്രീദേവി അമ്മയുടെ പരാതി.

ചോർന്നൊലിക്കുന്ന കെട്ടിടത്തിന് പകരം ഒരു ക്ഷേത്രം പണിതു നൽകുകയും സഞ്ചരിക്കാൻ വില കൂടിയ കാർ നൽകുകയും ചെയ്തപ്പോഴും തങ്ങൾ പറ്റിക്കപെടുകയാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ നൊന്തുപെറ്റ മകനെയും വശീകരിച്ച് അവരുടെ വശത്താക്കിയതോടെയാണ് ശ്രീദേവി അമ്മയ്ക്ക് എല്ലാം ബോധ്യമായത്. ലഹരിമരുന്നു മറ്റും നൽകി തന്നെയും അവൾ മയക്കിയ കാര്യം പുറത്തുപറയാതെ ആണ് അവർ കൊണ്ട് നടന്നത്. ഒടുവിൽ മകനെയും നഷ്ടമാകുമെന്നായപ്പോഴാണ് നിയമപോരാട്ടത്തിന് ഇവർ ഇറങ്ങി തിരിച്ചത്.

ഹിന്ദുജയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം മാസങ്ങളോളം ശ്രീദേവിയമ്മ ചികിത്സയിലായിരുന്നു. പ്രമേഹരോഗിയായ ശ്രീദേവിയ്ക്ക് ജീവൻ തിരികെ ലഭിച്ചത് തന്നെ ഭാഗ്യമെന്നാണ് ഇപ്പോൾ പറയുന്നത്. അവർ നൽകിയ ലഹരി മരുന്നുകളിൽ അകപ്പെട്ട അവർക്ക് വേണ്ടിയായിരുന്നു ശ്രീദേവി കഴിഞ്ഞ കാലം വരെ കഴിഞ്ഞിരുന്നത്. ഒടുവിൽ ഭർത്താവിനെ ഉപേക്ഷിക്കണമെന്നും ഹിന്ദുജയുടെ കൂടെ തമിഴ്നാട്ടിലേക്ക് വരണമെന്നുമായിരുന്നു ഇവരുടെ ഡിമാന്റ്. എന്നാൽ ഇതിനെ എതിർത്തതോടെയാണ് ശരിക്കും ഹിദുജാ മധുരമീനാക്ഷിയായി മാറിയത്. പൂജ മുറിയിൽ വെച്ച് ശ്രീദേവിയെ ശാരീരികമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതൊന്നുമറിയാതെ മകൻ ഹിന്ദുജയുടെ ചതിക്കുഴിയിൽ അപ്പോഴേയ്ക്കും പെട്ടിരുന്നു.

അമ്മയോളം വളർന്ന മകനെ കൊച്ചു കുഞ്ഞായി കണ്ട് കരിവളയും കളിപ്പാട്ടവുമായിരുന്നു ഹിന്ദുജ അവനു സമ്മാനിച്ചത്. അതിന്റെ കാരണം തിരക്കിയപ്പോൾ അവൻ എനിക്ക് എന്നും കുഞ്ഞ് തന്നെയാണെന്ന് ആയിരുന്നു ഈ ആൾദൈവത്തിന്റെ മറുപടി. അവൻ ഉണ്ണിക്കണ്ണൻ അവനു ഞൻ യശോദയും നീ ദേവകിയുമാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ മകൻ പൂർണമായും ഈ തട്ടിപ്പ് സ്ത്രീയുടെ വലയത്തിനുള്ളിൽ പെട്ടിരിക്കുകയാണ്.

ആദ്യം അമ്മയെയും പിന്നീട് അമ്മയുടെ അവരുടെ മകനെയുമായിരുന്നു ഹിന്ദുജ ലക്ഷ്യം വെച്ചത്. അതിൽ അവർ വിജയം കാണുകയും മകനെകൊണ്ട് സ്വന്തം അമ്മയെ തള്ളിപ്പറയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ‘എന്റെ ദേവിയമ്മയെ ഒന്നും ചെയ്യല്ലേ’ എന്നാണ് പോലീസിനോട് മകൻ പറഞ്ഞത്. നൽകിയ പണവും ആഭരണവും തിരിച്ചെ ചോദിച്ചപ്പോൾ ദേവിയ്ക്ക് നൽകിയത് തിരികെ ചോദിക്കാൻ പാടില്ല എന്നായിരുന്നു ഇവരുടെ മറുപടി. നീ ഇവിടെ ഒരു കുഞ്ഞിനെ തന്നാലും പിന്നീട് അത് തിരികെ ചോദിക്കരുത് എന്ന് അവർ പറഞ്ഞതിന് പിന്നിലെ ചതി ഇപ്പോഴാണ് ശ്രീദേവിയമ്മയ്ക്ക് മനസിലായത്. സന്തോഷപൂർണമായി കഴിഞ്ഞിരുന്ന കുടുംബം തകർത്ത് അവരിൽ നിന്നും മകനെ അടർത്തി മാറ്റിയ ഈ സ്ത്രീയ്ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നും തന്റെ മകന്റെ ജീവൻ രക്ഷിക്കണം എന്നും മാത്രമാണ് ഇപ്പോൾ ഇവരുടെ അഭ്യർത്ഥന.

ഒരു വിധത്തിൽ പറഞ്ഞാൽ ഇത്തരത്തിലുള്ളവരുടെ വളർച്ചയ്ക്ക് സോഷ്യൽ മീഡിയയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അറിയപ്പെടാതെ കിടക്കുന്ന ഇവരെയൊക്കെ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തിൽ മുൻനിരയിൽ എത്തിയ്ക്കുമ്പോൾ എന്നാൽ പിന്നെ അവരെ ഒന്ന് കണ്ടേക്കാം എന്ന് വെച്ച് പലരും അവരെ തേടി പോകാറുണ്ട്. അങ്ങനെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ട്രോളുകൾ വാരി കൂട്ടിയാൽ എന്തോ അത്യാവശ്യം പ്രശസ്തി കിട്ടിയല്ലോ. കഥ അറിഞ്ഞ് ഇപ്പോൾ ആയിരക്കണക്കിനാളുകളാണ് ചിത്രാനന്ദമയിയെ തേടി വന്നിരിക്കുന്നത്. ആർക്കും ദോഷം ചെയ്യാതെയാണവർ ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ നാളെ പ്രശസ്‌തിയോടൊപ്പം പണവും വന്നു ചേരുമ്പോൾ കഥ മാറും. പിന്നെ നടക്കാൻ പോകുന്നത് പഴയ പല്ലവി തന്നെയാകും.

Facebook Comments Box

By admin

Related Post