Wed. Apr 24th, 2024

ഇടുക്കി അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം; മുല്ലപ്പെരിയാറില്‍ ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു; നിരവധി വീടുകള്‍ വെള്ളത്തില്‍

By admin Dec 7, 2021 #news
Keralanewz.com

പൈനാവ്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി. മൂന്നുമാസത്തിനിടെ നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. 


ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

കേരളത്തിന്റെ ആശങ്കയ്ക്ക് പുല്ലുവില

അതിനിടെ പിണറായി വിജയന്റെ കത്തിന് പുല്ലു വില കല്‍പ്പിച്ച്, തമിഴ്‌നാട് രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത് തുടരുകയാണ്. രാത്രി എട്ടരയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്‌നാട് കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഈ സീസണിലെ ഏര്‌റവും ഉയര്‍ന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. 

വീടുകളില്‍ വെള്ളം കയറി, പ്രതിഷേധം

സാധാരണയിലും കൂടുതല്‍ വെളളം തുറന്ന് വിട്ടതോടെ പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി  എന്നിവിടങ്ങളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേര്‍ക്കും പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

പതിവ് പോലെ രാവിലെ ഷട്ടര്‍ അടച്ചു

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന ഷട്ടറുകള്‍ തമിഴ്‌നാട്  രാവിലെ അടച്ചു. തുറന്ന ഒമ്പതെണ്ണത്തില്‍ ഒരെണ്ണം ഒഴികെ എട്ടു ഷട്ടറുകളാണ് അടച്ചത്. തുറന്ന ഒരു ഷട്ടര്‍ വഴി 141.25 ഘനയടി ജലമാണ് ഇപ്പോള്‍ തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. 900 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.85 അടിയായി താഴ്ന്നിട്ടുണ്ട്

Facebook Comments Box

By admin

Related Post

You Missed